SHARE

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 244 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 93 റൺസെടുത്ത റോസ് ടെയ്ലറുടേയും, 51 റൺസടിച്ച ടോം ലാഥത്തിന്റേയും കീഴിലാണ് 243 റൺസടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന്‌ വിക്കറ്റും ഹാർദിക് പാണ്ട്യ, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ്, തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർമാർ ഇരുവരും പവലിയനിൽ തിരിച്ചെത്തുമ്പോൾ സ്കോർ ബോർഡിൽ 26 റൺസ് മാത്രം. 28 റൺസെടുത്ത കെയിൻ വില്ല്യംസൺ മൂന്നാം വിക്കറ്റായി പുറത്താകുമ്പോൾ ന്യൂസിലൻഡ് 59/3. പിന്നീട് ഒത്തുചേർന്ന റോസ് ടെയ്ലറും, ടോം ലാഥവും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുക യായിരുന്നു.

-Advertisement-

119 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 51 റൺസെടുത്ത ടോം ലാഥം പുറത്തായി. പിന്നാലെ തുടർച്ചയായി കിവീസിന് വിക്കറ്റുകൾ നഷ്ടമായി. ഹെൻറി നിക്കോൾസും, മിച്ചൽ സാന്റ്നറും രണ്ടക്കം കാണാതെ പുറത്തായി. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊണ്ടിരുന്നപ്പോളും റോസ് ടെയ്ലർ തകർത്തടിച്ച് സ്കോർ മുന്നോട്ട് നീങ്ങി. പക്ഷേ സെഞ്ചുറിയുറപ്പിച്ച് മുന്നേറിയ ടെയ്ലറെ 93 റൺസിൽ ഷാമി വീഴ്ത്തുകയായിരുന്നു‌. ഇതോടെ അവസാന ഓവറുകളിൽ പൊരുതാനുള്ള അവരുടെ ഊർജ്ജം നഷ്ടമായി. അവസാന ഓവറുകളിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ ബോളർമാർ കാഴ്ച വെച്ചത്.‌ കിവി ബാറ്റ്സ്മാന്മാരെ വരിഞ്ഞ് മുറുക്കി ഷമിയും കൂട്ടരും പന്തെറിഞ്ഞതോടെ ന്യൂസിലൻഡ് 243 റൺസിൽ പുറത്താവുകയായിരുന്നു.