ശ്രീലങ്കയ്ക്കെതിരായ ഏകടി20 മത്സരത്തിൽ ന്യൂസിലൻഡിന് 35 റൺസിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 144 റൺസിൽ ഓളൗട്ടാവുകയായിരുന്നു. 9.4 ഓവറുകളിൽ 94/3 എന്ന ശക്തമായ നിലയിൽ നിന്നായിരുന്നു 50 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലങ്ക തോൽവി ചോദിച്ചുവാങ്ങിയത്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബോളിംഗ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവെയ്ക്കും വിധമാണ് ലങ്കൻ ബോളർമാർ പന്തെറിഞ്ഞ് തുടങ്ങിയത്. മാർട്ടിൻ ഗപ്തിൽ, കോളിൻ മൺറോ, ടിം സീഫർട്ട്, ഹെൻറി നിക്കോൾസ് എന്നിവർ പവലിയനിലേക്ക് തിരിച്ചെത്തുമ്പോൾ കിവി സ്കോർ ബോർഡിൽ 27 റൺസ് മാത്രം. ആറാമനായി ബാറ്റിംഗിനിറങ്ങിയ മിച്ചൽ സാന്റനർ 13 റൺസെടുത്ത് പുറത്തായി. പിന്നീടായിരുന്നു ന്യൂസിലൻഡ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നത്.
റോസ് ടെയ്ലറും, ഡഗ് ബ്രേസ് വെല്ലും ചേർന്നുള്ള കൂട്ടുകെട്ട് കിവീസിന് പുതുജീവൻ നൽകി. ടെയ്ലർ 33 റൺസെടുത്ത് പുറത്തായെങ്കിലും ഡഗ് ബ്രേസ് വെൽ 26 പന്തിൽ 44 റൺസ് നേടി ബാറ്റിംഗ് വെടിക്കെട്ട് കാഴ്ച വെച്ചു. അഞ്ച് സിക്സറുകളാണ് താരം പറത്തിയത്. ബ്രേസ് വെൽ പുറത്തായ ശേഷം വെടിക്കെട്ടിന്റെ ചുമതല കുഗെലിജിൻ ഏറ്റെടുത്തു. 15 പന്തിൽ ഒരു ബൗണ്ടറിയും, 4 സിക്സറുകളുമടക്കം 35 റൺസ് നേടി താരം പുറത്താകാതെ നിന്നപ്പോൾ ന്യൂസിലൻഡ് തകർപ്പൻ സ്കോറിലെത്തുകയായിരുന്നു. ലങ്കയ്ക്കായി കസൻ രജിത മൂന്ന് വിക്കറ്റും, ലസിത് മലിംഗ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
180 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ നിറോഷാൻ ഡിക്ക്വെല്ലയും, കുശാൽ പെരേരയും ചേർന്നുള്ള ആക്രമണ ബാറ്റിംഗിൽ ലങ്ക നന്നായി തുടങ്ങി. 24 പന്തിൽ രണ്ട് ബൗണ്ടറിയും, മൂന്ന് സിക്സറുകളുമടക്കം 43 റൺസ് നേടിയ തിസാര പെരേര ക്രീസിലുണ്ടായിരുന്നപ്പോൾ മത്സരം ലങ്കയ്ക്കൊപ്പമായിരുന്നു. എന്നാൽ തിസാര പെരേര വീണതോടെ ലങ്കൻ തകർച്ചയും തുടങ്ങി. പിന്നീട് ബാറ്റിംഗിനെത്തിയവരെല്ലാം അതിവേഗം മടങ്ങിയപ്പോൾ ലങ്ക 144 ൽ പുറത്താവുകയായിരുന്നു. ന്യൂസിലൻഡിനായി ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ മൂന്ന് വിക്കറ്റുകൾവീതം വീഴ്ത്തി.