SHARE

ആദ്യ രണ്ടു കളികളിലും ബാറ്റിംഗ് പാളിയ പാക്കിസ്ഥാന് നാലാം ഏകദിനത്തില്‍ ഭേദപ്പെട്ട സ്‌കോര്‍. ന്യൂസിലന്‍ഡ് ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാനെ എട്ടുവിക്കറ്റിന് 262 റണ്‍സെന്ന മാന്യമായ സ്‌കോറിലെത്തിച്ചത്. 80 പന്തില്‍ 81 റണ്‍സെടുത്ത ഹഫീസ് അവസാന പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തിയാണ് ഫഹീം അഷ്‌റഫ് (1) ബാബര്‍ അസം (3) എന്നിവരെ പുറത്താക്കിയത്.

രണ്ടിന് 11 റണ്‍സെന്ന നിലയില്‍ വീണ്ടുമൊരു തകര്‍ച്ച മുന്നില്‍ കണ്ട പാക്കിസ്ഥാന് രക്ഷയായത് ഓപ്പണര്‍ ഫക്കര്‍ സമന്‍ (54), ഹാരിസ് സൊഹൈല്‍ (50) കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 86 റണ്‍സാണ്. ഇരുവരും പുറത്തായശേഷം അഞ്ചിന് 130ലേക്ക് വഴുതിവീണ പാക്കിസ്ഥാനെ ഹഫീസ് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. ക്യാപ്റ്റന്‍ സര്‍ഫ്രസ് അഹമ്മദ് കൂട്ടായെത്തിയതോടെ പാക് സ്‌കോര്‍ കുതിച്ചു. അവസാന അഞ്ച് ഓവറില്‍ 63 റണ്‍സാണ് സന്ദര്‍ശകര്‍ കൂട്ടിച്ചേര്‍ത്തത്. ന്യൂസിലന്‍ഡിനായി സൗത്തി മൂന്നും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടും വിക്കറ്റെടുത്തു. പരമ്പരയില്‍ പാക്കിസ്ഥാന്‍ 2-0ത്തിന് പിന്നിലാണ്.