SHARE

ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 23 റൺസ് തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യംപിന്തുടർന്ന ഇന്ത്യ 11.3 ഓവറിൽ 102/1 എന്ന‌ നിലയിൽ നിന്നതിന് ശേഷം 34 റൺസെടുക്കുന്നതിനിടെ അവസാന‌ 9 വിക്കറ്റുകൾ വലിച്ചെറിഞ്ഞ് അപ്രതീക്ഷിത തോൽവി ചോദിച്ച് വാങ്ങുകയായിരുന്നു. 34 പന്തിൽ 58 റൺസെടുത്ത സ്മൃതി മന്ദാന മാത്രമാണ് ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങിയത്. സ്കോർ : ന്യൂസിലൻഡ് – 159/4 (20 ഓവർ), ഇന്ത്യ – 136/10 (19.1).

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 62 റൺസെടുത്ത ഓപ്പണർ സോഫി ഡിവൈന്റേയും, 33 റൺസ് നേടിയ ക്യാപ്റ്റൻ ആമി സട്ടെർത്ത് വൈറ്റിന്റേയും മികവിൽ നിശ്ചിത 20 ഓവറിൽ 159/4 എന്ന മികച്ച സ്കോറിലെത്തി. ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് പ്രിയ പൂനിയയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായെങ്കിലും, സ്മൃതി മന്ദാനയും, ജെമീമ റൊഡ്രീഗസും ചേർന്ന് ടീമിന് വിജയത്തിലേക്കുള്ള തകർപ്പൻ അടിത്തറ പാകി.

34 പന്തിൽ‌7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 58 റൺസ് നേടിയ മന്ദാന മത്സരത്തിന്റെ പന്ത്രണ്ടാം ഓവറിൽ പുറത്തായതോടെയാണ് ഇന്ത്യൻ തകർച്ച തുടങ്ങിയത്. പിന്നാലെ ഒന്നിന് പിറകേ ഒന്നായി ബാറ്റിംഗിനെത്തിയവർ പവലിയനിലേക്ക് മടങ്ങി. ജയിക്കാൻ 51 പന്തിൽ 58 റൺസ് വേണ്ടിയിരുന്ന ടീം അങ്ങനെ 23 റൺസിന്റെ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി. 34 റൺസെടുക്കുന്നതിനിടയ്ക്കാണ് ഇന്ത്യയ്ക്ക് അവസാന ഒൻപത് വിക്കറ്റുകൾ നഷ്ടമായത്.