ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ നാളത്തെ മത്സരത്തിൽ ഒഡിഷ എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിലും തോറ്റ നോർത്ത് ഈസ്റ്റ് ഒരു തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച ഫോമിലുള്ള ഒഡിഷയാകട്ടെ നാളെ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാണ് ആഗ്രഹിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മത്സരത്തിൽ ഒഡിഷയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. പ്രത്യേകിച്ച് മത്സരം ഒഡിഷയുടെ തട്ടകത്തിൽ കൂടി നടക്കുന്ന സാഹചര്യത്തിൽ. എന്നാൽ മത്സരം തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നാണ് ഒഡിഷ പരിശീലകൻ ജോസെപ് ഗോമ്പു പറയുന്നത്.
നോർത്ത് ഈസ്റ്റിനോട് ഞങ്ങൾക്ക് തികഞ്ഞ ബഹുമാനമുണ്ട്, അവസാനത്തെ രണ്ട് മത്സരങ്ങളിലും കരുത്തരായ എതിരാളികൾക്കെതിരെ അവസാന നിമിഷം വരെ അവർ പൊരുതിനിന്നു, അത് ഞങ്ങളുടെ മനസിലുണ്ട്, ഐഎസ്എല്ലിൽ ഓരോ മത്സരവും കടുകട്ടിയാണ്, തുല്യശക്തികളുടെ പോരാട്ടമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, ഞങ്ങൾക്ക് ജയിക്കണം, ഗോമ്പു പത്രസമ്മേളനത്തിൽ പറഞ്ഞു.