SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ഒഡിഷ എഫ്സിയുടെ ഇടക്കാല പരിശീലകനായി സ്പെയിനിൽ നിന്നുള്ള കിനോ ​ഗാർസിയയെ നിയമിച്ചു. മുഖ്യ പരിശീലകനായിരുന്ന കിക്കോ റാമിറസിനെ ഇന്നലെ ക്ലബ് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കിക്കോയുടെ സഹപരിശീലകനായി പ്രവർത്തിച്ച കിനോയെ ഇടക്കാല പരിശീലകനായി നിയമിച്ചത്.

സ്പെയിനിലെ സൂപ്പർക്ലബായ വലൻസിയയുടെ യൂത്ത് ടീമുകളിൽ ദീർഘകാലം പ്രവർത്തിച്ചുള്ള പരിചയമുണ്ട് കിനോയ്ക്ക്. ദക്ഷിണകൊറിയയിലെ സിയോളിലുള്ള വലൻസിയയുടെ അക്കദാമി ഡയറക്ടറായും കിനോ പ്രവർത്തിച്ചിട്ടുണ്ട്. സ്പെയിനിലെ സൂപ്പർ ക്ലബായ ലെവെന്റെയുടെ വനിതാ ടീമിനേയും കിനോ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണിനാണ് കിനോ ഒഡിഷയുടെ ഭാ​ഗമാകുന്നത്.

ഈ സീസൺ തുടക്കത്തിലാണ് കിക്കോ റാമിറസ് ഒഡിഷയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. ഉജ്ജ്വലമായി തുടങ്ങിയ ഒഡിഷ എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് തോൽവി നേരിട്ടതോടെ പതറി. പിന്നീട് പ്രതീക്ഷിച്ച തിരിച്ചുവരവ് നടത്താൻ അവർക്കായില്ല. ഒടുവിൽ കഴിഞ്ഞ ദിവസവും കേരളാ ബ്ലാസ്റ്റേഴ്സിനോട് തോറ്റതോടെയാണ് കിക്കോയുമായി വേർപിരിയാൻ ഒഡിഷ തിരുമാനിച്ചത്.