SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഒമ്പതാം സീസണിൽ സ്പാനിഷ് പരിശീലകൻ ജോസെപ് ​ഗോമ്പുവിന്റെ കീഴിലാണ് ഒഡിഷ എഫ്സി കളത്തിലിറങ്ങുന്നത്. ക്ലബിന്റെ മുൻ പരിശീലകനായ ​ഗോമ്പു രണ്ട് വർഷത്ത ഇടവേളയ്ക്ക് ശേഷമാണ് ക്ലബിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണിലും തികച്ചും നിരാശപ്പെടുത്തിയ ഒഡിഷ ഇക്കുറി തകർപ്പൻ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

രണ്ട് സീസണിന് ശേഷം ഒഡിഷയിലേക്ക് തിരിച്ചെത്തുമ്പോൾ, ക്ലബിന് പ്ലേ ഓഫ് ഉറപ്പിക്കുക എന്നതാണ് ​ഗോമ്പുവിന്റെ ദൗത്യം. വളരെ ശ്രമകരമായ ദൗത്യമാണിതെങ്കിലും ശരിയായ മനസ്ഥിതിയുള്ള താരങ്ങളുണ്ടെങ്കിൽ ഇത് യാഥാർഥ്യമാക്കാവുന്നതേയുള്ളുവെന്നണ് ​ഗോമ്പു പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐഎസ്എൽ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്, ഒപ്പം മത്സരം കടുക്കുകയും ചെയ്യുന്നു, ഈ സാഹചര്യത്തിലും പ്ലേ ഓഫിലെത്തുകയെന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം, അത് അത്ര എളുപ്പമല്ല എന്നെനിക്കറിയാം, ഇക്കുറി തയ്യാറെടുപ്പിനായി ഞങ്ങൾക്ക് കുറേ സമയം ലഭിച്ചു, ഒപ്പം എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്, അതുകൊണ്ട് തന്നെ പ്ലേ ഓഫ് യാഥാർഥ്യമാക്കാമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്., ​ഗോമ്പു പറഞ്ഞു.

ഇക്കുറി ഐഎസ്എല്ലിൽ മത്സരിക്കുക അത്ര എളുപ്പമല്ല, എങ്കിലും പ്ലേ ഓഫിലേക്ക് ആറ് ടീമുകൾക്ക് അവസരം ലഭിക്കുന്നത് ഞങ്ങളുടെ സാധ്യതകൾ കൂട്ടുന്നു, ഒപ്പം ശരിയായ മനസ്ഥിതിയുള്ള താരങ്ങളെ ഒപ്പം കൂട്ടാനായാൽ ഈ നേട്ടം കൈവരിക്കാവുന്നതേയുള്ളു, അവർ ശക്തരായ എതിരാളികളാണ് അവരോട് ജയിക്കാനാകില്ല എന്ന് ചിന്തിക്കുന്ന താരങ്ങളെ എനിക്ക് ആവശ്യമില്ല, പകരം നമുക്കത് ചെയ്യാനാകും എന്ന് വിശ്വസിക്കുന്ന താരങ്ങളെയാണ് വേണ്ടത്, ​ഗോമ്പു വിശദീകരിച്ചു.