SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസൺ തുടങ്ങാൻ ​ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒഡിഷ എഫ്സിയിൽ നിർണായക മാറ്റം. ക്ലബിന്റെ ​ഗോൾകീപ്പിങ് പരിശീലകനായി മാനു പാട്രീഷ്യോ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ജോവാക്വിൻ വലേറിയോ സ്വന്തം നാടായ സ്പെയിനിലേക്ക് മടങ്ങിയതോടെയാണ് പാട്രീഷ്യോ ടീമിനൊപ്പം ചേർന്നത്.

വൻ അഴിച്ചുപണി നടത്തിയ ടീമാണ് ഇക്കുറി ഒഡിഷ. വിദേശ സ്ക്വാഡിന് പുറമെ പരിശീലകസംഘത്തിലും വലിയ മാറ്റങ്ങൾ വന്നിരുന്നു. സ്പാനിഷ് പരിശീലകൻ കിക്കോ റാമിറസാണ് ഇക്കുറി ക്ലബ് ചുമതല വഹിക്കുന്നത്. റാമിറസിന്റെ പരിശീലകസംഘത്തിലെ പ്രധാനിയായിരുന്നു ജോവാക്വിൻ. എന്നാൽ കുടുംബവുമായി ബന്ധപ്പെട്ട ആവശ്യത്തെത്തുടർന്ന് അദ്ദേഹം സ്പെയിനിലേക്ക് മടങ്ങിയിരിക്കുകയാണ്. ജോവാക്വിൻ ഇനി ടീമിലേക്ക് തിരിച്ചുവരില്ലന്നും അറിയിച്ചു. ഇതോടെയാണ് പാട്രീഷ്യോ സ്ഥാനമേറ്റെടുക്കുന്നത്.

അർജന്റീനയിൽ ജനിച്ച പാട്രീഷ്യോയ്ക്ക് സ്പെയിനിൽ ​ഗോൾകീപ്പിങ് പരിശീലകനെന്ന നിലയിൽ വലിയ പരിചയസമ്പന്തുണ്ട്. സൂപ്പർക്ലബ് എസ്പാന്യോളിന്റെ ​ഗോൾക്കീപ്പിങ് പരിശീലനായിരുന്നു. കളിച്ചിരുന്ന കാലത്ത് സ്പാനിഷ് ക്ലബുകളായ ഓസാസൂന, റയൽ സോസിദദ് തുടങ്ങിയവരെ പ്രതിനിധീകരിച്ചിട്ടുണ്ട് പാട്രീഷ്യോ.