SHARE

ഐഎസ്എല്ലില്‍ പുതിയ പേരില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒഡീഷ എഫ്‌സി പുതിയ കളിക്കാരെ സ്വന്തമാക്കി തുടങ്ങി. ബെംഗളൂരു എഫ്‌സി, മുംബൈ സിറ്റി, പൂനെ സിറ്റി ക്ലബുകള്‍ക്കായി കളിച്ച ഡിഫന്‍ഡര്‍ ലാല്‍ചുവാന്‍മാവിയയെ ടീം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ പൂനെയ്ക്കായി ഒന്‍പത് കളികളില്‍ താരം കളത്തിലിറങ്ങിയിരുന്നു.

2012-13 സീസണില്‍ ഷില്ലോംഗ് ലജോംഗ് എഫ്‌സിയിലൂടെയാണ് ലാല്‍ചുവാന്‍മാവി പ്രെഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബെംഗളൂരു എഫ്‌സിയിലേക്ക് ചുവടുമാറ്റി. ആ സീസണില്‍ ടീം കിരീടം നേടുകയും ചെയ്തു. ഒരുവര്‍ഷത്തെ ബെംഗളൂരു വാസം മതിയാക്കി പിന്നീട് മുംബൈ എഫ്‌സിയിലേക്കാണ് താരം പോയത്. മികച്ച താരങ്ങളിലൊരാളായ ലാല്‍ചുവാന്‍മാവിയെ സ്വന്തമാക്കിയത് ഒഡീഷയ്ക്കു ഗുണംചെയ്യും. പഴയ ഡെല്‍ഹി ഡൈനാമോസാണ് പുതിയ ഒഡീഷ എഫ്‌സി.