SHARE

ഐ ലീഗ് ടീമായ ഐസ്വാൾ എഫ് സിയുടെ യുവ താരങ്ങളായ ഇസക് വൻലാൽ റുവാത്ത്ഫെല, പോൾ റാംഗ്ഫാങ്സ്വാവ എന്നിവരെ ടീമിലെത്തിക്കാനൊരുങ്ങി ഐ എസ് എൽ ടീമായ ഒഡീഷ എഫ് സി. മധ്യനിര താരങ്ങളായ ഇരുവരേയും ടീമിലെത്തിച്ച് വരും സീസണിൽ തങ്ങളുടെ മധ്യനിര ശക്തമാക്കാനാണ് ഒഡീഷ ലക്ഷ്യമിടുന്നത്. കരാർ ഉറപ്പായെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വൈകുന്നതെന്നുമാണ് റിപ്പോർട്ട്.

ഇരുപതുകാരനായ റാംഗ്ഫാങ്സ്വാവ, 2018-19 സീസണിൽ ഐസ്വാളിന്റെ സീനിയർ ടീമിലെത്തുന്നതിന് മുന്നേ അവരുടെ അണ്ടർ 18 ടീമിൽ കളിച്ചിരുന്ന താരമാണ്. കഴിഞ്ഞ‌ സീസണിൽ ഐസ്വാളിന് വേണ്ടി 17 ഐലീഗ് മത്സരങ്ങളിൽ കളിച്ച താരം ഒരു ഗോളും നേടിയിരുന്നു. ഇത്തവണത്തെ സീസണിൽ ടീം കളിച്ച എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഈ ഇരുപതുകാരനുണ്ടായിരുന്നു.

അതേ സമയം പതിനെട്ടുകാരനായ വൻലാൽ റുവാത്ത് ഫെല, ഐസ്വാളിലെത്തുന്നതിന് മുൻപ് ബെംഗളൂരു എഫ് സിയുടെ ബി ടീം താരമായിരുന്നു. ഈ സീസണിൽ 7 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം ഒരു ഗോളും നേടി. മിസോറാം പ്രീമിയർ ലീഗിലും കളിച്ചിട്ടുള്ള റുവാത്ത്ഫെല കഴിഞ്ഞ സീസണിൽ അവിടുത്തെ മോസ്റ്റ് വാല്യുവബിൾ താരമായി തിരഞ്ഞെടുക്കപ്പെട്ട കളികാരനാണ്.