SHARE

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിച്ച യുവമധ്യനിര താരം സാമുവൽ ലാലംപൂയയെ ടീമിലെത്തിച്ച് ഒഡീഷ എഫ് സി. ഇരുപത്തിയൊന്നുകാരനായ സാമുവൽ ഒഡീഷ എഫ് സിയുമായി കരാറിലെത്തിയെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെ വൈകിട്ടാണ് ഒഡീഷ എഫ് സി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തേക്കാണ് താരം ഒഡീഷ എഫ് സിയുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. സന്ദേശ് ജിങ്കന് പിന്നാലെ സാമുവൽ കൂടി ടീം വിട്ടത് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം വലിയ പ്രതീക്ഷകളോടെ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണെങ്കിലും പോയ സീസണിൽ കാര്യമായി കളത്തിലിറങ്ങാൻ സാമുവലിന് അവസരം ലഭിച്ചിരുന്നില്ല. പരിശീലകൻ എൽകോ ഷട്ടോറിയുടെ ടീം തന്ത്രങ്ങളിൽ മിക്കപ്പോളും പുറത്തായിരുന്നു സാമുവലിന് സ്ഥാനം. അത് കൊണ്ടു‌ തന്നെ ബ്ലാസ്റ്റേഴ്സിനായി അഞ്ച് മത്സരങ്ങൾ മാത്രമേ സാമുവലിന് കളിക്കാനായുള്ളൂ. സീസണിൽ മൊത്തം കളത്തിലിറങ്ങിയതാകട്ടെ 59 മിനുറ്റ് മാത്രവും. അറ്റാക്കിംഗ് മിഡ്ഫീൽഡറായ സാമുവൽ മിസോറാമിൽ നിന്നുള്ള താരമാണ്. 2015 മുതൽ 2019 വരെ ഷില്ലോംഗ്‌ ലജോംഗ് ടീമിന് വേണ്ടി കളിച്ചിരുന്ന‌‌ താരം, ഇടയ്ക്ക് ലോണടിസ്ഥാനത്തിൽ മിനർവ്വ പഞ്ചാബ് ജേഴ്സിയുമണിഞ്ഞു.