SHARE

ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയുടെ ആദ്യ മൂന്നു ഹോം മത്സരങ്ങള്‍ പൂനെയിലായിരിക്കും നടക്കുക. തങ്ങളുടെ ഹോം ഗ്രൗണ്ടായ കലിംഗാ സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ തുടരുന്നതിനാലാണ് മത്സരങ്ങള്‍ പുറത്തേതെങ്കിലും സ്റ്റേഡിയത്തില്‍ കളിക്കാന്‍ തീരുമാനിച്ചത്.

ആദ്യം പരിഗണനയിലുണ്ടായിരുന്നത് അഹമ്മദാബാദ് ആയിരുന്നുവെങ്കിലും പിന്നീട് പൂനെ ബലേവാദി സ്റ്റേഡിയം തന്നെ തീരുമാനിക്കുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് കലിംഗ സ്റ്റേഡിയത്തിന്റെ പണികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാവാതെ പോയതെന്നും അതു കൊണ്ട് മത്സരങ്ങള്‍ പുറത്തേയ്ക്ക് മാറ്റാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

നവംബര്‍ 24നു നടക്കുന്ന എറ്റികെയ്‌ക്കെടിരായ മത്സരവും ഡിസംബര്‍ നാലിന്റെ ബംഗളുരുവിനെതിരായ മത്സരവും ഡിസംബര്‍ 11 നു ഹൈദരാബാദിനെതിരായ മത്സരവും ആയിരിക്കും പൂനെയില്‍ നടക്കുക. പിന്നീടുള്ള മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ തന്നെ നടത്താനാണ് തീരുമാനം.