SHARE

ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സി, ഓസ്ട്രേലിയൻ പ്രതിരോധതാരം ജേക്കബ് ട്രാറ്റിനെ ടീമിലെത്തിച്ചു. ഒരു വർഷത്തെ കരാറിലാണ് ഈ സെന്റർ ബാക്ക് ഒഡിഷയുടെ കൂടെകൂടുന്നത്. ഒഡിഷ തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

26-കാരനായ ട്രാറ്റ് സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിക്കാൻ മികവുള്ള താരമാണ്. ഓസ്ട്രേലിയയിലെ പ്രധാനക്ലബായ സിഡ്നി എഫ്.സിയിലൂടെയാണ് ട്രാറ്റ് യൂത്ത് കരിയർ തുടങ്ങുന്നത്. പിന്നീട് സിഡ്നി എഫ്.സിയുടെ തന്നെ സീനിയർ ടീം, സിഡ്നി യുണൈറ്റഡ്, വെല്ലിങ്ടൻ ഫീനിക്സ് തുടങ്ങയ പ്രധാന ഓസ്ട്രേലിയൻ ലീ​ഗ് ക്ലബുകളിൽ കളിച്ചു. ഏ- ലീ​ഗിലെ തന്നെ പെർത്ത് ​ഗ്ലോറിക്കായാണ് ട്രാറ്റ് അവസാനമായി കളിച്ചത്.

ഐ.എസ്.എൽ ഏഴാം സീസണിലേക്കായി ഒഡിഷ ടീമിലെത്തിക്കുന്ന മൂന്നാം വിദേശതാരമാണ് ട്രാറ്റ്. നേരത്തെ ബ്രസീലിയൻ മുന്നേറ്റതാരങ്ങളായ മാഴ്സലീന്യോയേയും ഡീ​ഗോ മൗറീഷ്യോയേയും ഒഡിഷ ടീമിലെത്തിച്ചിരുന്നു.