ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ ഒഡിഷ എഫ്.സിക്ക് നിരാശയുടേതാണ്. സീസണിനിടയ്ക്ക് പരിശീലകനെ പുറത്താക്കിയ അവർ ലീഗിൽ അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ ഡീഗോ മൗറീഷ്യോ എന്ന ബ്രസീലിയൻ ഗോൾവേട്ടക്കാരൻ സീസണിൽ അവരുടെ ഏക നേട്ടമായി അവകാശപ്പെടാം.
സീസണിൽ ഒഡിഷ നേടിയ ഗോളുകളിൽ പകുതിയോളം മൗറീഷ്യോയുടെ വകയായിരുന്നു. മികച്ച പ്രകടനം നടത്തിയ മൗറീഷ്യോയെ നിലനിർത്താനാണ് ക്ലബിന് ആഗ്രഹം. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മൗറീഷ്യോയും ദക്ഷിണാഫ്രിക്കൻ താരം കോൾ അല്കസാണ്ടറുമൊഴികെ മറ്റെല്ലാ വിദേശതാരങ്ങളേയും ഒഡിഷ ഒഴിവാക്കും. സ്റ്റീവൻ ടെയ്ലർ, ബ്രാഡ് ഇൻമാൻ എന്നിവർ ഇതിനകം ക്ലബ് വിട്ടു. കോൾ കരാർ പുതുക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. എന്നാൽ മൗറിഷ്യോ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം മൗറീഷ്യോ ഒഡിഷയിൽ തുടരാൻ തയ്യാറാണ്. എന്നാൽ താരം മുന്നോട്ടുവയ്ക്കുന്ന ചില നിബന്ധനകൾ ക്ലബ് അംഗീകരിക്കണം. രണ്ടോ മൂന്നോ പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളേയും ഒരു മികച്ച വിദേശ മുന്നേറ്റതാരത്തേയും ടീമിലെത്തിക്കണമെന്ന് മൗറീഷ്യോ ക്ലബിനോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ഫർ മാർക്കറ്റ് പറയുന്നത്.
ഈ ആവശ്യങ്ങൾ ക്ലബ് അംഗീകരിച്ചാൽ മൗറീഷ്യോ മറ്റൊന്നും നോക്കാതെ കരാർ പുതുക്കുമെന്നാണ് സൂചന. മറ്റെല്ലാ കാര്യങ്ങളിലും മൗറീഷ്യോ ക്ലബിൽ പൂർണസംതൃപ്തനാണ്. അതേസമയം ഐ.എസ്.എല്ലിലെ തന്നെ രണ്ട് ക്ലബുകൾ കൂടി മൗറീഷ്യോയെ നോട്ടമിട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.