SHARE

ഗോകുലം കേരളയ്ക്കെതിരായ ഐലീഗ് മത്സരത്തിനായി കോഴിക്കോടെത്തിയ റിയൽ കാശ്മീർ എഫ് സി ടീമിന് പരിശീലനത്തിനായി മോശം ഗ്രൗണ്ട് നൽകിയെന്നും, അവരോട് ഗോകുലം കേരളഅധികൃതർ അപമര്യാദയായി പെരുമാറിയെന്നുമുള്ള വാർത്തകൾസമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നതിനിടെ സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഗോകുലം കേരള രംഗത്തെത്തി. റിയൽ കാശ്മീർ ഉന്നയിച്ച ആരോപണങ്ങളെല്ലാം‌ പച്ചക്കള്ളങ്ങളാണെന്ന് തെളിയിക്കുന്നതാണ് ഗോകുലത്തിന്റെ ഔദ്യോഗിക‌ സ്ഥിരീകരണം. തങ്ങളുടെ സി.ഇ.ഓ അശോക് കുമാറിനെ റിയൽ കാശ്മീർ എഫ് സി ടീം അംഗങ്ങൾ കൈയ്യേറ്റം ചെയ്തെന്നും ഗോകുലം ആരോപിക്കുന്നു.

ഗോകുലം കേരളയുടെ ഔദ്യോഗിക സ്ഥിരീകരണം ഇങ്ങനെ, മാച്ച് കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടായിരുന്നു റിയൽ കാശ്മീരിന് പരിശീലനത്തിന് അനുവദിച്ചിരുന്നത്‌. ഹർത്താൽ മൂലം നേരത്തെ പറഞ്ഞ സമയത്ത് അവരെ പരിശീലന ‌ഗ്രൗണ്ടിലെത്തിക്കാൻ കഴിഞ്ഞില്ല. രാവിലെ 10 മണിക്ക് ആരംഭിക്കേണ്ട അവരുടെ പരിശീലനത്തിനായി ടീമിനെ കൊണ്ട് പോകാൻ ടീം ഹോട്ടലിൽ ബസെത്തിയപ്പോൾ 10.06 ആയി. എന്നാൽ ഈ സമയം ബസിനായി കാത്ത് നിൽക്കാതെ റിയൽ കാശ്മീർ ടീം അംഗങ്ങൾ സ്റ്റേഡിയത്തിലേക്ക് കയറുകയായിരുന്നു‌. ഹർത്താലിനെക്കുറിച്ചും, അവർക്ക് യാത്ര സൗകര്യം നൽകുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ചും നേരത്തെ തന്നെ അവരേയും എ ഐ എഫ് എഫിനേയും അറിയിച്ചിരുന്നു.

എന്നാൽ താരങ്ങളും ഒഫീഷ്യലുകളും സ്റ്റേഡിയത്തിലേക്ക് കയറുകയും പ്രശ്നങ്ങൾ ഉണ്ടാക്കാൻശ്രമിക്കുകയുമായിരുന്നു. സ്റ്റേഡിയം വിട്ട് പോകാൻ തങ്ങളുടെ സി.ഇ. ഒ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെയും കോഴിക്കോട് ജില്ലാ ഫുട്ബോൾഅസോസിയേഷൻ ഒഫീഷ്യൽ ഹമീദിനേയും അവർ കൈകാര്യം ചെയ്യുകയായിരുന്നു. ഇതിന് പുറമേ ഹമീദിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തു. പരിശീലനത്തിനിടെ അവർ മനപൂർവ്വം രണ്ട് ഹീറോ ഐലീഗ് റണ്ണർ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.” ഗോകുലം കേരള വ്യക്തമാക്കി.

റിയൽ കാശ്മീരിന് പരിശീലനത്തിനായി ഏറ്റവും മികച്ച ഗ്രൗണ്ട് തന്നെയാണ് തങ്ങൾ ഏർപ്പാടാക്കിയിരുന്നതെന്നും, പ്രൊഫഷണലുകളെപ്പോലെ പെരുമാറുന്നതിന് പകരം ഹൂളിഗൻസിനെപ്പോലെയാണ് റിയൽ കാശ്മീർ ഒഫീഷ്യലുകൾ പെരുമാറിയതെന്നും ഗോകുലം കേരള പറയുന്നു. കോഴിക്കോടെത്തിയ പല‌ ടീമുകളും തങ്ങളുടെ ആതിഥേയത്വത്തെ പ്രശംസിച്ചിട്ടുണ്ടെന്നും, ആക്രമം ഉണ്ടാക്കിയതിന് പുറമേ സോഷ്യൽ മീഡിയയിലൂടെ കണ്ണ്‌ പൊട്ടുന്ന നുണകളാണ് റിയൽ കാശ്മീർ പടച്ചുവിടുന്നതെന്നും ഗോകുലം കേരള തങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണത്തിൽ വ്യക്തമാക്കി.