SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ തന്റെ മൂന്നാം സീസണിലും ക്ലബ് മാറി നൈജീരിയൻ മുന്നേറ്റതാരം ബാർത്തലോമിയോ ഓ​ഗ്ബെച്ചെ. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഓ​ഗ്ബെച്ചെ വരുന്ന സീസണിൽ മുംബൈ സിറ്റിക്കായി ബൂട്ടുകെട്ടും. മുംബൈ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

നൈജീരിയ ദേശീയ ടീമിനായി ലോകകപ്പിൽ കളിച്ചിട്ടുള്ള ഓ​ഗ്ബെച്ചെ ഐ.എസ്.എൽ അഞ്ചാം സീസണിലാണ് ഇന്ത്യയിലെത്തുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെയായിരുന്നു വരവ്. സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 12 ​ഗോൾ നേടി നോർത്ത് ഈസ്റ്റിനെ ആദ്യമായി ഐ.എസ്.എൽ സെമിയിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു ഓ​ഗ്ബെച്ചെ. എന്നാൽ തൊട്ടുത്ത സീസണിൽ പരിശീലകനായിരുന്ന എൽക്കോ ഷട്ടോരിക്കൊപ്പം ഓ​ഗ്ബെച്ചെ നോർത്ത് ഈസ്റ്റ് വിട്ട് ബ്ലാസ്റ്റേഴ്സിലെത്തി.

ബ്ലാസ്റ്റേഴ്സിൽ ടീമെന്ന നിലയിലെ പ്രകടനം ദയനീയമായിരുന്നു. എന്നാൽ ക്ലബ് ക്യാപ്റ്റൻ കൂടിയായ ഓ​ഗ്ബെച്ചെയ്ക്ക് വ്യക്തിപരമായി കിടിലൻ സീസണായിരുന്നു അത്. 16 മത്സരങ്ങളിൽ നിന്ന് 15 ​ഗോളുകളാണ് ഓ​ഗ്ബെച്ചെ അടിച്ചുകൂട്ടിയത്. ഇതോടെ വെറും ഒറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ​ഗോൾവേട്ടകാരുമായി ഓ​ഗ്ബെച്ചെ.

കഴിഞ്ഞ സീസണിൽ നടത്തിയ മിന്നുന്ന പ്രകടനത്തോടെ ഓ​ഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ ഇതിനിടെയുണ്ട്. പ്രതിഫലം കുറയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കമെന്നാണ് സൂചന. തുടർന്നാണ് ഓ​ഗ്ബെച്ചെ ക്ലബ് വിട്ടതും, സെർജിയോ ലൊബേറയുടെ കീഴിലുള്ള മുംബൈയിലെത്തുന്നതും.