SHARE

 

ദ ടൈറ്റന്‍ എന്നായിരുന്നു ഒളിവര്‍ കാനെ വിശേഷിപ്പിച്ചിരുന്നത്. കളിയിലും ജീവിതത്തിലും എപ്പോഴും അഗ്രസീവായിരുന്ന ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ക്ക്, വിരമിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വലിയ നഷ്ടബോധം തോന്നുന്നു. മറ്റൊന്നുമല്ല, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാനാകാത്തത്. ജര്‍മന്‍ സ്‌പോര്‍ട്‌സ് മാസികയായ സ്‌പോര്‍ട്‌സ് ബില്‍ഡിനോടാണ് കാന്‍ ഇക്കാര്യം പറഞ്ഞത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് അത് വേണ്ടെന്നു വെച്ചു. ബയേണ്‍ മ്യൂണിക്കില്‍ മികച്ച കരിയര്‍ സൃഷ്ടിക്കാനാണ് അന്ന് ആഗ്രഹിച്ചിരുന്നത്. 2003-ലോ,2004-ലോ ഞാന്‍ ഓള്‍ഡ് ട്രഫോഡിലെത്തുമെന്ന് അലക്‌സ് ഫെര്‍ഗൂസന്‍ കരുതിയിരുന്നു. കാന്‍ പറഞ്ഞു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് സ്വീകരിച്ചാല്‍ മതിയായിരുന്നു. കാരണം എനിക്കതൊരു മികച്ച വെല്ലുവിളിയാകുമായിരുന്നു. കാന്‍ കൂട്ടിച്ചേര്‍ത്തു.

1999-ലെ പ്രശസ്തമായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയേണുമായിരുന്നു ഏറ്റുമുട്ടിയത്. വിജയമുറപ്പിച്ചിരുന്ന, ബയേണിനെ ഞെട്ടിച്ച് ഇന്‍ജ്വറി ടൈമില്‍ യുണൈറ്റഡ് രണ്ട് ഗോളടിച്ചത് കാന്‍ കാവല്‍ നിന്ന പോസ്റ്റിലേക്കാണ്. തൊട്ടടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് നേടിയ ബയേണ്‍ ടീമിലും കാനുണ്ടായിരുന്നു. 2002 ലോകകപ്പില്‍ രണ്ടാമതെത്തിയ ജര്‍മന്‍ ടീമിലും കാനുണ്ടായിരുന്നു. ബയേണിനായി 557 മത്സരങ്ങള്‍ കളിച്ച കാന്‍ എട്ട് ബുന്ദസ്ലിഗ കിരീടനേട്ടങ്ങളിലും പങ്കാളിയായി.