SHARE

റയൽ മഡ്രിഡിന്റെ ജുനിയർ വിഭാ​ഗത്തെ ​ഗോൾകീപ്പിങ്ങ് പരിശീലിപ്പിക്കാനെത്തുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ​ഗോൾക്കീപ്പർമാരിലൊരാളായ ഒളിവർ കാൻ. 15 വയസിൽ താഴെയുള്ളവർക്കായി ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നടത്തുന്ന ക്യാമ്പുകളിലാണ് കാൻ പരിശീലകനായെത്തുന്നത്.

കഴിഞ്ഞ വർഷം മുതൽ ഇത്തരത്തിലൊരു ചർച്ച തുടങ്ങിയിരുന്നു എന്നാൽ ഇപ്പോഴാണ് സംഭവം യാഥാർഥ്യമായത്. കഴിഞ്ഞ ഓക്ടോബറിൽ, കാൻ റയൽ മഡ്രിഡിന്റെ ട്രെയിനിങ് ​ഗ്രൗണ്ടും സന്ദർശിച്ചിരുന്നു. കാനോടൊപ്പം ദീർഘകാലത്തേക്കുള്ള കൂട്ടുകെട്ടാണെ ലക്ഷ്യമിടുന്നതെന്ന്, ജെർമനിയിലെ മഡ്രിഡ് ഫൗണ്ടേഷൻ അറിയിച്ചു.

പത്ത് വർഷത്തോളം ജർമൻ ദേശീയ ടീമിന്റെ ​ഗോൾവല കാത്ത കാൻ, 2002-ൽ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 14 വർഷം ബയേൺ മ്യൂണിക്കിന്റ ​വിശ്വസ്ത ​ഗോളിയായിരുന്നു കാൻ, 2008-ലാണ് വിരമിക്കുന്നത്. ലോകകപ്പിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കിയ ഏക ​ഗോളിയാണ് കാൻ. മികച്ച യൂറോപ്യൻ ​ഗോൾക്കീപ്പർക്കുള്ള പുരസ്കാരം തുടർച്ചയായി നാല് തവണ സ്വന്തമാക്കിയ താരം കൂടിയാണ് ദ ടൈറ്റൻ എന്ന് വിളിപ്പേരുള്ള ഒളിവർ കാൻ