SHARE

മത്സരം നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ലീ​ഗ് വിടുമെന്ന് ഭീഷണി മുഴക്കി ​ഗ്രീസിലെ സൂപ്പർ ക്ലബ് ഒളിംപിയാക്കോസ്. കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ ഫുട്ബോൾ മത്സരങ്ങളുടെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ രം​ഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ സ്പോർട്സ് അണ്ടർ സെക്രട്ടറിക്ക് അയച്ച കത്തിലാണ് 44 തവണ ​ഗ്രീക്ക് സൂപ്പ‍ർ ലീ​ഗ് ജേതാക്കളായ ഒളിംപിയാക്കോസിന്റെ ഭീഷണി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രത്യേകിച്ച് തങ്ങളുടെ മത്സരങ്ങളിലെ റഫറിയുടെ തീരുമാനങ്ങൾ പലപ്പോഴും തെറ്റായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. ഈ വർഷം മുതൽ ഇത് പരി​ഹരിക്കാൻ വാർ കൊണ്ടുവന്നെങ്കിലും, അതും പ്രശ്നം കൂടുതൽ വഷളാക്കുന്നതേയുള്ളുവെന്നും, ഒട്ടേറെ കൃത്രിമങ്ങൾ അരങ്ങേറുന്നുണ്ടെന്നും, ഇവർ കുറ്റപ്പെടുത്തി.

ചില മത്സരങ്ങളിലെ റഫറി തീരുമാങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള ദൃശ്യങ്ങളും ഇവർ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ലീ​ഗ് ഭരണസമതിയുടെ സാമ്പത്തിക സ്ഥിതിയും കടുത്ത പ്രതിസന്ധിയിലാണെന്നം ഇവർ ചൂണ്ടിക്കാട്ടി. എത്രയും വേ​ഗം സർക്കാർ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും, പുതിയ ഭരണസമിതി അടക്കം വേണമെന്നുമാണ് ലീ​ഗിൽ നിലവിൽ ഒന്നാമതുള്ള ഇവരുടെ ആവശ്യങ്ങൾ