SHARE
ഹൾക്കും ഓസ്കാറും

​ഗ്വാങ്ഷു എവർ​ഗ്രാൻഡെയുടെ ഏഴ് വർഷം നീണ്ട മേധാവിത്വം അവസാനിപ്പിച്ചാണ് ഷാങ്ഹായ് സിപ്​ഗ് ഇക്കുറി ചൈനീസ് സൂപ്പർ ലീ​ഗിൽ കിരീടം ചൂടിയത്. എന്നാൽ കിരീടത്തിൽ ആലേഖനം ചെയ്ത ടീമിന്റെ പേരിൽ മാത്രമെ, മാറ്റമുള്ളു. കിരീടനേട്ടത്തിനുള്ള ഇന്ധനം ഇക്കുറിയും ബ്രസീലിൽ നിന്ന് തന്നെ.

2011 മുതൽ തുടർച്ചയായി ഏഴ് തവണയായിരുന്നു ​ഗ്വാങ്ഷു ചൈനയിൽ കിരീടം ചൂടിയത്. അതിൽ തന്നെ ഒട്ടേറെ ബ്രസീലിയൻ താരങ്ങളുടെ അധ്വാനവുമുണ്ടായിരുന്നു.സൂപ്പർ താരങ്ങളായ പൗളിന്യോ, റൊബീന്യോ തുടങ്ങിയവരും ഈക്കൂട്ടത്തിലുണ്ടായിരുന്നു. ഇക്കുറിയും പൗളിന്യോ അടക്കം നാല് ബ്രസീലിയൻ താരങ്ങൾ ​ഗ്വാങ്ഷു ടീമിലുണ്ടായിരുന്നു. എന്നാൽ ​ഗ്വാങ്ഷു വീണതും ബ്രസീലിയൻ കരുത്തിന് മുന്നിലായിരുന്നു. ​ഗ്വാങ്ഷുവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കിരീടം പിടിച്ചെടുത്ത ഷാങ്ഹായുടെ പടനായകന്മാർ ബ്രസീലിയൻ സൂപ്പർ താരങ്ങൾ തന്നെയായ ഹൾക്കും ഓസ്കാറുമായിരുന്നു.

2016-ൽ ഷാങ്ഹായിലെത്തിയ കളിക്കാരനാണ് ഹൾക്ക്. ചെൽസിയിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു 2017-ൽ ഓസ്കാറും ചൈനയിലെത്തിയത്. ഇക്കുറി ലീ​ഗിൽ 18 അസിസ്റ്റുമായി ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഓസ്കാർ. 12 ​ഗോളും ഓസ്കാർ അടിച്ചുകൂട്ടി. 12​ഗോൾ അടിച്ച ഹൾക്ക് 12 ​ഗോളുകൾക്ക് വഴിയൊരുക്കി അസിസ്റ്റ് കണക്കിൽ മൂന്നാം സ്ഥാനത്താണ്. ഇവർക്കൊപ്പമുള്ള മറ്റൊരു ബ്രസീലിയൻ താരമായ എൽകെസൻ ഏഴ് ​ഗോളുകളും ലീ​ഗിൽ അടിച്ചുകൂട്ടി.

ഇവർക്ക് പുറമെ ലീ​ഗിലെ കണക്കുകളിൽ മുന്നിൽ ബ്രസീൽ താരങ്ങൾ തന്നെയാണ്. 13 ​ഗോളിന് വഴിയൊരുക്കി അസിസ്റ്റ് പട്ടികയിൽ രണ്ടാമതുള്ള റെനെറ്റോ ആ​ഗ്സ്റ്റോ, 17 ​ഗോളടിച്ചുകൂട്ടിയ ഡീ​ഗോ ടാർഡെല്ലി, 15 ​ഗോളുകൾ അടിച്ച അലക്സാണ്ടർ പാറ്റൊ തുടങ്ങിയവരാണ് ഇക്കുറിയും ചൈനീസ് ലീ​ഗിനെ ശ്രദ്ധേയമാക്കിയത്.