SHARE

തുർക്കി ഫുട്ബോൾ ലോകത്തിന്റെ നെറുകൈയ്യിലെത്തിയത് 2002 ലോകകപ്പിലാണ്. സകലരേയും ഞെട്ടിച്ചുകൊണ്ട് അന്ന് തുർക്കി ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണകൊറിയക്കെതിരെ പതിനൊന്നാം സെക്കൻഡിൽ ​ഗോൾ നേടി ലോകകപ്പ് റെക്കോർഡ് സ്വന്തമാക്കിയ തുർക്കി താരമാണ് ഹക്കാൻ സുക്കൂർ. എന്നാൽ ഇന്ന് ജീവിക്കാനായി സുക്കുർ ടാക്സി ഓടിക്കുന്നു.

തുർക്കി ദേശീയ ടീമിനായി 112 മത്സരങ്ങൾ കളിച്ച് 51 ​ഗോളുകൾ നേടിയ സുക്കൂർ ക്ലബ് തലത്തിൽ ഇന്റർ മിലാൻ, ​ഗലാറ്റസരെ, പാർമ, ബ്ലാക്ക്ബോൺ തുടങ്ങിയ വമ്പന്മാരുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. താരപരിവേഷം നിറഞ്ഞ സുക്കൂറിന്റെ കരിയറിൽ കരിനിഴൽ വീഴുന്നത് രാഷ്ട്രീയത്തിലേക്കുള്ള വരവാണ്. 2011-ൽ നിലവിൽ തുർക്കി പ്രധാനമന്ത്രിയായ രജപ് തയിപ് ഉർദു​ഗാന്റെ പാർട്ടി പ്രതിനിധിനായി സുക്കൂർ പാർലമെന്റിലെത്തി. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ ഉർദു​ഗാനുമായി സുക്കൂർ ഇടഞ്ഞു.

2016-ൽ ഉർദു​ഗാനെ സമൂഹമാധ്യമത്തിൽ ആക്ഷേപിച്ചെന്ന പേരിൽ സുക്കൂറിനെതിരെ കേസെടുത്തു. പിന്നാലെ തന്നെ തീവവ്രാദ ​സംഘമെന്ന് തുർക്കി ആരോപിക്കുന്ന ​സംഘടനയിൽ സുക്കൂർ പ്രവർത്തിച്ചു എന്ന് പേരിൽ താരത്തെ അറസ്റ്റ് ചെയ്യാനും വാറന്റെ പുറപ്പെടുവിച്ചു. എന്നാൽ അറസ്റ്റിൽ നിന്ന് രക്ഷെപ്പെട്ട സുക്കൂർ അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. നാടുവിട്ടതോടെ സുക്കൂറിനെതിരെ തുർക്കിയിൽ നീക്കങ്ങൾ തുടങ്ങി. സുക്കൂറിന്റെ സ്വത്തുവകകളെല്ലാം സർക്കാർ പിടിച്ചെടുത്തു.

ഇപ്പോൾ അമേരിക്കയിലുള്ള സുക്കൂർ യുബർ ടാക്സി ഓടിച്ചും പുസ്തകങ്ങൾ വിറ്റുമാണ് ജീവിക്കുന്നതെന്ന് ഒരു ജർമൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്. തുർക്കിയിൽ പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം തന്റെ ഭാര്യ നടത്തിയിരുന്ന സ്ഥാപനത്തിന് നേരെ കല്ലേറുണ്ടായിരുന്നെന്നും കുട്ടികൾ നിരന്തരം അപമാനിക്കപ്പെട്ടിരെന്നും സുക്കൂർ പറയുന്നു. സ്വത്തുക്കളെല്ലാം പിടിച്ചെടുത്തതോടെ, തന്റെ കൈവശം ഒന്നുമില്ലെന്നും സുക്കൂർ വ്യക്തമാക്കി

താൻ എന്ത് പറഞ്ഞാലും അതിനുപിന്നാലെ ഭീഷണികൾ ഉയർന്നിരുന്നെന്നും, താൻ തുർക്കി വിട്ടതോടെ തന്റെ പിതാവിനെ തടവിലാക്കിയെന്നും സുക്കൂർ കൂട്ടിച്ചേർത്തു. അമേരിക്കയിൽ വച്ച് തനിക്കൊപ്പം സെൽഫിയെടുത്ത ഒരു തുർക്കിഷ് വിദ്യാർഥിയെ പിന്നീട് തുറുങ്കിലടച്ചതായും സുക്കൂർ ആരോപിക്കുന്നു