SHARE

ഇന്ത്യയ്ക്കെതിരായ നാലാം ഏകദിന മത്സരത്തിൽ ഓസീസിനെ വിജയത്തിലെത്തിച്ചത് ആഷ്ടൺ ടേണറിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു. 43 പന്തിൽ 84 റൺസെടുത്ത ടേണറായിരുന്നു അവിശ്വസനീയ വിജയത്തിലേക്ക് ടീമിനെ നയിച്ചത്. ഈ മത്സരം വരെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് അത്ര പരിചിതനല്ലായിരുന്ന താരം, ഒരൊറ്റ ഇന്നിംഗ്സ് കൊണ്ട് ഐപിഎല്ലിന് മുൻപ് ക്രിക്കറ്റ് ലോകത്തെ സെൻസേഷനുമായി മാറി.

ഓസ്ട്രേലിയക്ക് വേണ്ടി നാലാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ആഷ്ടൺ ടേണർ ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഐപിഎൽ താരലേലത്തിൽ 50 ലക്ഷം രൂപ മുടക്കിയായിരുന്നു രാജസ്ഥാൻ, ടേണറെ സ്വന്തമാക്കിയത്. അന്ന് രാജസ്ഥാന്റെ നീക്കത്തിൽ നെറ്റി ചുളിപ്പിച്ചവർ ഇന്ന് അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് കണ്ട് ഞെട്ടിയിരിക്കുന്നു.

ഐപിഎൽ തുടങ്ങാൻ രണ്ടാഴ്ചയിൽത്താഴെ സമയം മാത്രം ബാക്കി നിൽക്കേ നടത്തിയ ഈ വെടിക്കെട്ട് പ്രകടനം ടേണർക്ക് മാത്രമല്ല രാജസ്ഥാൻ റോയൽസിനും വലിയ ആവേശം നൽകുന്നതാണ്. ഒറ്റ മത്സരം കൊണ്ട് സെൻസേഷനായി മാറിക്കഴിഞ്ഞ ടേണർ പാകിസ്ഥാനെതിരായ, ഓസീസിന്റെ ഏകദിന പരമ്പരയ്ക്ക് ശേഷമാകും ഐപിഎല്ലിനെത്തുക. അധികം അറിയപ്പെടാത്ത കളികാരനായിരുന്നിട്ടും, ടേണറെ ലേലത്തിൽ നിന്ന് സ്വന്തമാക്കാൻ രാജസ്ഥാൻ കാണിച്ച ധൈര്യം അവർക്ക് സീസണിൽ വലിയ നേട്ടം സമ്മാനിക്കുമെന്ന് താരത്തിന്റെ നിലവിലെ ബാറ്റിംഗ് ഫോം വിളിച്ച് പറയുന്നു.