SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ അടുത്ത സീസണിൽ(2022-23) ഒരു ടീം കൂടി ഉൾപ്പെട്ടേക്കുമെന്ന് സൂചനകൾ. കൊൽക്കത്തയിലെ സൂപ്പർ ക്ലബായ മൊഹമ്മദനാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷനിലേക്ക് കയറിപ്പറ്റാൻ ശ്രമം തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐ-ലീ​ഗിൽ കളിക്കുന്ന ക്ലബാണ് മൊഹമ്മദൻ.

കൊൽക്കത്തയിലെ സൂപ്പർ ക്ലബുകളായ മോഹൻ ബ​ഗാനും ഈസ്റ്റ് ബം​ഗാളും ഇപ്പോൾ ഐഎസ്എല്ലിലുണ്ട്. ബ​ഗാൻ എടികെയുമായുള്ള ലയനം വഴി ഐഎസ്എല്ലിലെത്തിയപ്പോൾ ഈസ്റ്റ് ബം​ഗാൾ പുതിയ നിക്ഷേപരുടെ ബലത്തിലാണ് ഇന്ത്യയിലെ ടോപ് ഡിവിഷനിലേക്ക് വന്നത്. ഇതിനുപിന്നാലെയാണ് മൊഹമ്മദനേയും ഐഎസ്എൽ മോഹം പിടികൂടിയത്.

ഐഎസ്എല്ലിൽ കളിക്കണമെങ്കിൽ വൻതുകയുടെ നിക്ഷേപം ക്ലബിന് ആവശ്യമാണ്. ന്യൂസ്9 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മൊഹമ്മദൻ ഐഎസ്എൽ പ്രവേശനത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. പുതിയ നിക്ഷേപകരെ കണ്ടെത്താൻ ക്ലബ് ശ്രമിക്കുകയാണ്. അംബുജ സിമെന്റസ് മൊഹമ്മദനിൽ നിക്ഷേപം നടത്തുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവുമില്ല.

കഴിഞ്ഞ വർഷം ഈസ്റ്റ് ബം​ഗാളിന്റെ ഐഎസ്എൽ പ്രവേശനത്തിന് ബം​ഗാൾ സർക്കാർ ഇടപെട്ടിരുന്നു. അത്തരത്തിലൊരു ഇടപെടൽ മൊഹമ്മദന്റെ കാര്യത്തിലും സർക്കാരിൽ നിന്നുണ്ടാകുമെന്ന് ക്ലബ് സെക്രട്ടറി ഡാനിഷ് ഇഖ്ബാൽ സൂചന നൽകിയതായും റിപ്പോർട്ടിലുണ്ട്. ഈസ്റ്റ് ബം​ഗാളും മോഹൻ ബ​ഗാനും ഐഎസ്എല്ലിലുള്ള സാഹചര്യത്തിൽ മൊഹമ്മദനും കൂടിയുണ്ടാകണമെന്ന് മുഖമന്ത്രി മമതാ ബാനർജി താൽപര്യപ്പെടുന്നതായും റിപ്പോർട്ടിലുണ്ട്.