SHARE

ഐ.എസ്.എൽ ക്ലബ് എഫ്.സി.​ഗോവയുടെ പ്രതിരോധതാരം മോർത്താദ ഫാൾ ടീം വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ​ഗോവയുമായി ഇതുവരെ കരാർ പുതുക്കാത്ത ഈ സെന​ഗലീസ് സെന്റർ ബാക്ക് മുംബൈ സിറ്റിയിലേക്കായിരിക്കും ചേക്കേറുക എന്നാണ് സൂചന.

2018 മുതൽ ​ഗോവ പ്രതിരോധത്തിലെ ഉരുക്കുകോട്ടയാണ് ഫാൾ. മാത്രവുമല്ല ഐ.എസ്.എല്ലിൽ ഏറ്റവുമധികം ​ഗോൾ നേടിയ പ്രതിരോധതാരം കൂടിയാണ് ഫാൾ. ഇക്കഴിഞ്ഞ സീസണിൽ മാത്രം അഞ്ച് ​ഗോളുകളാണ് ഫാൾ നേടിയത്. ഇതിനിടെയാണ് ​പരിശീലകൻ സെർജിയോ ലൊബേറ ​ഗോവ വിട്ടത്. ഇപ്പോൾ അടുത്ത സീസണിൽ ലൊബേറ ​മുംബൈ പരിശീലകനാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഫാളിനേയും ഒപ്പം കൂട്ടാനുള്ള ലൊബേറയുടെ നീക്കമാണിപ്പോൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.

നേരത്തെ ​ഗോവ താരങ്ങളായ അഹമ്മദ് ജഹൗവും, ക്യാപ്റ്റനായിരുന്ന മന്ദർ റാവു ദേശായിയേയും മുംബൈയിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. താരങ്ങളുമായി ധാരണയെത്തിയെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. റിപ്പോർട്ടുകൾ ശരിയെങ്കിൽ ​ഗോവ ടീമിലെ പ്രധാന താരങ്ങൾ പലരും അടുത്ത സീസണിൽ മുംബൈ ജേഴ്സിയിൽ കളിക്കും.