SHARE

കോവിഡ് ബാധയെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒരു മത്സരം കൂടി മാറ്റിവച്ചു. ഇന്ന് നടക്കാനിരുന്ന എടികെ മോഹൻബ​ഗാൻ-ബെം​ഗളുരു എഫ്സി മത്സരമാണ് മാറ്റിവച്ചത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം.

ബ​ഗാൻ ക്യാംപിൽ കോവി‍ഡ‍് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നേരത്തെ ഒഡിഷയ്ക്കെതിരായ അവരുടെ മത്സരം മാറ്റിവച്ചിരുന്നു. തുടർന്നാണിപ്പോൾ ബെം​ഗളുരുവിനെതിരായ ബ​ഗാന്റെ മത്സരവും മാറ്റവയ്ക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ​ഗാനിൽ കുറഞ്ഞത് അഞ്ച് താരങ്ങളെങ്കിലും കോവി‍ഡ് രോ​ഗബാധിതരാണ്. ബെം​ഗളുരു ക്യാംപിലും കോവി‍ഡ് റിപ്പോർട്ട് ചെയ്തതായി സൂചനകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നില്ല.

ഇതിനിടെ ഐഎസ്എല്ലിൽ കൂടുതൽ ടീമുകളിൽ കോവി‍ഡ് ആശങ്ക നിലനിൽക്കുന്നതായാണ് സൂചനകൾ. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയുടെ ട്വീറ്റ് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്സും കോവി‍ഡ് ആശങ്കയെത്തുടർന്ന് ഇന്നലെ പരിശീലനം നടത്തിയില്ല. അതേസമയം ബ്ലാസ്റ്റേഴ്സിൽ കളിക്കാർക്കോ പരിശീലകസംഘത്തിനോ അല്ല കോവി‍ഡ് ബാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.