SHARE

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടിയായി ഒരു വിദേശതാരം കൂടി ക്ലബ് വിട്ടു. മാർട്ടിനിക്വെയിൽ നിന്നുള്ള ഫോർവേഡ് മത്യാസ് കോറീയൂറാണ് ക്ലബ് വിട്ടത്. കൊറീയൂർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

33-കാരനായ കൊറീയൂർ ഈ സീസണിലാണ് നോർത്ത് ഈസ്റ്റിന്റെ ഭാ​ഗമായത്. ക്ലബിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ കൊറീയൂർ ​ഗോളും നേടി. എന്നാൽ തുടർന്ന് താരത്തിന് മികച്ച പ്രകടനം ടീമിനുവേണ്ടി നടത്താനായില്ല. ഇതിനിടെ തനിക്ക് ക്ലബിൽ തുടരാൻ താൽപര്യമില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ കൊറിയൂർ തന്നെ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും താരം ടീമിനായി കളിച്ചു.

ഇന്നലെ ജെംഷദ്പുരിനെതിരായ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിലും ഇടംപിടിച്ചിരുന്നു. ഈ മത്സരം മിക്കവാറും കൊറീയൂറിന്റെ നോർത്ത് ഈസ്റ്റ് ജേഴ്സിയിലെ അവസാനമത്സരമാകുമെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തിരുന്നു. തുടർന്നാണിപ്പോൾ ക്ലബ് വിടുകയാണെന്ന് കൊറിയൂർ തന്നെ അറിയിച്ചത്.

ഈ സീസണിനിടെ നോർത്ത് ഈസ്റ്റിന് നഷ്ടമാകുന്ന രണ്ടാം വിദേശിയാണ് കൊറീയൂർ. പരുക്കേറ്റ യുറു​ഗ്വെ താരം ഫെഡെറിക്കോ ​ഗായോ​ഗോ മടങ്ങിയതാണ് ക്ലബിന് ആദ്യം തിരിച്ചടിയായത്. പിന്നാലെയിപ്പോൾ കൊറീയൂറും പോകുകയാണ്. ദേശീയ ടീമിനായി കളിക്കാൻ പോയ ഖാസാ കമാറി തിരിച്ചെത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ നിലവിൽ മൂന്ന് വിദേശികളാണ് ക്ലബിലുള്ളത്. ബ്രസീൽ താരം മാഴ്സെലീന്യോയും ഓസ്ട്രിയൻ താരം മാർക്കോ സഹാനെക്കും ടീമിലെത്തുമെന്ന് വാർത്തകളുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.