SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ജാലകത്തിൽ തിരിച്ചടി നേരിടുന്നതായി സൂചന. ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന കോം​ഗോ താരം പോൾ എംപോക്കു, ക്ലബിനൊപ്പം ചേരാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. താരം യൂറോപ്പിലേക്ക് മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

യു.എ.ഇ ക്ലബ് അൽ വഹ്ദയ്ക്ക് വേണ്ടിയാണ് എംപോക്കു ഒടുവിൽ കളിച്ചത്. യു.എ.ഇ ക്ലബ് വിട്ടതിന് പിന്നാലെയാണ് താരത്തിന്റെ പേര് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുയർന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ എംപോക്കു ബെൽജിയത്തിൽ കളിച്ചിരുന്നു. ഇതോടെ താരത്തെ ബ്ലാസ്റ്റേഴ്സിൽ ഒപ്പം കൂട്ടാൻ ഇവാൻ താൽപര്യപ്പെടുന്നതായി ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ നീക്കം നടക്കാൻ സാധ്യതയില്ലന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

തുർക്കിയിലെ ഒന്നാം ഡിവിഷൻ ക്ലബായ കോൻയാസ്പോറിലേക്ക് എംപോക്കു കൂടുമാറാൻ തയ്യാറെടുക്കുകയാണ്. ചില അവസാനഘട്ട നടപടികൾ കൂടിയെ ഇക്കാര്യത്തിൽ പൂർത്തിയാകാൻ ബാക്കിയുള്ളു. തുർക്കിഷ് ജേർണലിസ്റ്റായ ഫർഖാൻ ബൊസോ​ഗ്ലുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

നേരത്തെ ഓസ്ട്രേലിയൻ പ്രതിരോധതാരം ഡിലൻ മക്ക്​ഗോവനെ ഒപ്പം കൂട്ടാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. എന്നാൽ നീക്കം പാളിയതോടെ മക്ക്​ഗോവൻ സ്കോട്ലൻഡിലേക്ക് കൂടുമാറി. പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ നീക്കം പരാജയപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.