SHARE

ഐ.എസ്.എൽ ക്ലബ് ഹൈദരാബാദ് എഫ്.സി സ്പാനിഷ് സ്ട്രൈക്കർ ഫ്രാൻ സൻഡാസയെ ടീമിലെത്തിച്ചു. 35-കാരനായ സൻഡാസ സ്പെയിനിലെ രണ്ടാം ഡിവിഷൻ ക്ലബായ അൽക്കോർക്കോണിൽ നിന്ന് കരാർ റദ്ദാക്കിയ ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഹൈദരബാദുമായി ഒരു വർഷത്തെ കരാർ സൻഡാസ ഒപ്പുവച്ചു.

സ്പാനിഷ് ക്ലബ് ലെ​ഗാനീസിന്റെ യൂത്ത് ടീമിലൂടെ കളിതുടങ്ങിയ സൻഡാസ പിന്നീട് സൂപ്പർ ക്ലബ് വലൻസിയയുടെ ബി ടീമിൽ കളിച്ചു. 2008 മുതൽ അഞ്ച് വർഷത്തോളം ഇം​ഗ്ലണ്ടിലും സ്കോട്ട്ലൻഡിലുമാണ് സൻഡാസ കളിച്ചത്. ബ്രൈട്ടൻ, റേഞ്ചേഴ്സ് തുടങ്ങിയ ക്ലബുകളുടെ ജേഴ്സിയണി‍ഞ്ഞിട്ടുണ്ട് സൻഡാസ. സ്പെയിനിലെ പ്രധാന ക്ലബായ ജിറോണയ്ക്കായും സൻഡാസ കളിച്ചിട്ടുണ്ട്.

സൻഡാസ കൂടി എത്തുന്നതോടെ ഹൈദരാബാദിന്റെ വിദേശതാരങ്ങളുടെ ക്വോട്ട പൂർത്തിയായി. അരിഡെൻ സന്റാന, നെസ്റ്റർ ​ഗോർഡില്ലോ,ലൂയിസ് സാസ്ത്ര, ജോയൽ ചിയനിസെ,ജാവോ വിക്ടർ, ഓഡെയ് ഒനായിൻഡ്യ എന്നിവരാണ് സൻഡാസയക്ക് പുറമെ ടീമിലുള്ള വിദേശികൾ.