SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ടെങ്കിലും, ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാൻ യുവ സ്പിന്നർ കുൽദീപ് യാദവിന് കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട് ടെസ്റ്റുകളിലും ടീമിലുണ്ടായിരുന്ന‌ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും, രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ച വെച്ചതോടെ മൂന്നാം ടെസ്റ്റിലും കുൽദീപിന് സ്ഥാനം കിട്ടുന്ന കാര്യം സംശയത്തിലായി. നിലവിൽ പ്ലേയിംഗ് ഇലവന് പുറത്ത് നിൽക്കുന്ന കുൽദീപ്ഇപ്പോളിതാ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് മനസ് തുറന്നിരിക്കുന്നു.

ടെസ്റ്റ് ടീമിന്റെ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തുന്നതിന് നേരിടേണ്ടി വരുന്ന വെല്ലുവിളിയെക്കുറിച്ച് ചോദിച്ചപ്പോൾ താൻ വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു കുൽദീപിന്റെ മറുപടി. യുവ സ്പിന്നറുടെ വാക്കുകൾ ഇങ്ങനെ, ” ഞാൻ ക്രിക്കറ്റ് കളിച്ച് തുടങ്ങിയപ്പോൾ, ഇന്ത്യൻ ടീമിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ 3 വർഷങ്ങളായി ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുന്നുണ്ട്. ഒട്ടേറെ വെല്ലുവിളികൾ അതിനായി നേരിട്ടിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന വെല്ലുവിളിയും അത്തരത്തിലൊന്നാണ്. കഷ്ടപ്പാടും അച്ചടക്കവുമില്ലാതെ ഒന്നും നേടാനാവില്ല. ഞാൻ തുടർന്നും കളിയെ സമീപിക്കുന്നത് ഈ ഒരു ചിന്ത വെച്ചാണ്. ” കുൽദീപ്‌ പറഞ്ഞുനിർത്തി.