SHARE

ക്രിക്കറ്റ് മൈതാനങ്ങള്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടേത് കൂടിയാണ്. വിചിത്രമായ പലതരം റണ്ണൗട്ടുകളും നമ്മള്‍ അവിടെ കണ്ടിട്ടുണ്ട്. എന്നാലും ഇങ്ങനെയൊന്ന്..? ഐ സി സിയെ വരെ അമ്പരപ്പിച്ച ഈ റണ്ണൗട്ട് പിറന്നത് വനിതാ ടി20 യോഗ്യതാ ടൂര്‍ണ്ണമെന്റില്‍ ഉഗാണ്ടയും തായ്‌ലന്‍ഡും തമ്മില്‍ നടന്ന മത്സരത്തിലാണ്.

മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ടന്‍ വനിതകള്‍ ബോളിംഗ് തെരഞ്ഞെടുത്തു. തായ്‌ലന്‍ഡിന്റെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ നാട്ടകന്‍ ചന്തമും നട്ടായ ബൂച്ചതമുമാണ് മൈതാനത്ത് ഉണ്ടായിരുന്നത്. ഓവറിലെ നാലാം പന്ത് നാട്ടകന്‍ ചന്തം സ്‌ട്രൈറ്റിലേക്ക് തട്ടിയിട്ടു. എന്നിട്ട് റണ്ണിനായി ഓടുകയും ചെയ്തു. പന്ത് കയ്യിലെടുത്ത ഉഗാണ്ടന്‍ താരം ജോയ് അപ്പിയോ ചന്തമിനെ പുറത്താക്കാന്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിലേക്ക് എറിഞ്ഞു. എന്നാല്‍ ലക്ഷ്യം തെറ്റിയ പന്ത് നേരെ ചെന്ന് തട്ടിയത് ബാറ്റിംഗ് എന്‍ഡിലെ സ്റ്റമ്പില്‍.

നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് റണ്ണിനായി ഓടിയ നട്ടായ ബൂച്ചതം അപ്പോള്‍ ക്രീസിന് പുറത്തായിരുന്നു. ബൂച്ചതത്തിന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മത്സരം നാലു വിക്കറ്റുകള്‍ ഉഗാണ്ട വിജയിച്ചു. തായ്‌ലന്‍ഡ് ഉയര്‍ത്തിയ 67 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഉഗാണ്ട മറികടന്നത്. ഐ സി സി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ റണ്ണൗട്ടിന്റെ വീഡിയോ പങ്കുവെച്ചത്.