SHARE

ടെസ്റ്റ് ക്രിക്കറ്റ് മരിച്ചു കൊണ്ടിരിക്കുകയാണെന്ന പരിഭവങ്ങള്‍ ലോകമെമ്പാടും ആരാധകര്‍ വര്‍ഷങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ വിന്‍ഡീസില്‍ നിന്നും ഈ വാദത്തിനു ബലം പകരുന്നൊരു വാര്‍ത്ത. ജൂണ്‍ ആറിന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ പെട്ടെന്ന് മാറ്റംവരുത്തി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്.

മൂന്നു ടെസ്റ്റുകളില്‍ ഒരെണ്ണം ഒഴിവാക്കി മൂന്നു ഏകദിനങ്ങള്‍ കളിക്കാനാണ് ബോര്‍ഡിന്റെ പദ്ധതി. ശ്രീലങ്കയും ഈ നീക്കത്തിന് പിന്തുണ നല്കിയിട്ടുണ്ട്. വിന്‍ഡീസില്‍ ടെസ്റ്റിന് വലിയ ആരാധകരില്ല. മുഴുവന്‍ ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നിലാണ് പലപ്പോഴും വിന്‍ഡീസ് കളിക്കുന്നത്. ഇതിനൊപ്പം ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതും ഏകദിനത്തിലേക്ക് മാറാന്‍ അവരെ പ്രേരിപ്പിക്കുന്നു.

അടുത്തിടെ കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ സ്റ്റേഡിയങ്ങള്‍ക്ക് വലിയ കേടുപാട് സംഭവിച്ചിരുന്നു. പുതിയ പരമ്പരയുടെ ഷെഡ്യൂള്‍ അടുത്തു തന്നെ തീരുമാനിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. മേയ് 30നാണ് ലങ്കയുടെ വിന്‍ഡീസിലെ ആദ്യ പരിശീലന മത്സരം ആരംഭിക്കുന്നത്.