SHARE

ഒരിടവേളയ്ക്ക് ശേഷം ഇറ്റലിയെ ലോകഫുട്ബോളിന്റെ മുൻനിരയിലേക്കെത്തിച്ചത് 2006 ലോകകപ്പിലെ കിരീടമായിരുന്നു. സെരി എയിലെ വിവാദങ്ങൾക്കിടെ, യാതൊരു അവകാശവാദവുമില്ലാതെയെത്തിയ ഇറ്റാലിയൻ നിര, സിനദിൻ സിദാന്റെ ഫ്രാൻസിനെ കലാശപ്പോരിൽ വീഴ്ത്തിയാണ് ലോകകിരീടത്തിൽ മുത്തമിട്ടത്.

ഇറ്റാലിയൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന അധ്യായങ്ങളിലൊന്നായിരുന്നു ജർമനിയിൽ നടന്ന ആ ലോകകപ്പ്. മുൻനിരയിലും മധ്യനിരയിലും പിൻനിരയിലും എല്ലാത്തിനുമൊടുവിൽ ​ഗോൾവലയ്ക്ക് മുന്നിലും ഒന്നിനൊന്ന് മിന്നുന്ന താരനിരയുണ്ടായിരുന്നു ഇറ്റലിക്കന്ന്. ഇന്നലെ വിഖ്യാത താരം ഡാനിയേലെ ഡി റോസിയും ഫുട്ബോളിൽ നിന്ന് വിരമിച്ചതോടെ ആ ലോകകപ്പ് ടീമിൽ ഇനിയും കളിക്കളത്തിൽ ശേഷിക്കുന്നത് ഇതിഹാസ ​ഗോളി ജിയാൻല്യൂജി ബഫൺ മാത്രം.

അന്ന് ഫ്രാൻസിനെതിരായ ഫൈനലിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു കിക്ക് വലയിലെത്തിച്ച് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഡി റോസി. ഇറ്റലിക്കായി 117 മത്സരങ്ങൾ കളിച്ച ഡി റോസി 2018 ലോകകപ്പിന് യോ​ഗ്യത നേടാനാകാതെ വന്നതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. എങ്കിലും ക്ലബായ റോമയിൽ തുടർന്നു. എന്നാൽ ഈ വർഷം റോമ വിട്ട് അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സിൽ ചേക്കേറി. തുടർന്ന് ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുപുറമെ പരുക്കും നിരന്തരം വില്ലനായതോടെയാണിപ്പോൾ ബൂട്ടഴിക്കാനുള്ള റോസിയുടെ തീരുമാനം.

റോസിയും പോകുന്നതോടെ ഇറ്റാലിയൻ സുവർണസംഘത്തിലെ അവസാന കണ്ണിയായി ബഫൺ മാറും. 41 വയസ് പിന്നിട്ട ബഫൺ ഇപ്പോഴും യുവന്റസിന്റെ ​ഗോൾവല കാക്കുന്നുണ്ട്. ദേശീയ ടീമിൽ നിന്ന് ഒരിക്കൽ വിരമിച്ച ബഫൺ പിന്നീട് ഈ തീരുമാനം മാറ്റി. എന്നാൽ പിന്നീട് ദേശീയ ടീമിൽ കളിക്കാനിയിട്ടില്ല. അതേസമയം ക്ലബിനായി ഈ സീസൺ കൂടിയേ മിക്കവാറും ബഫൺ കളിക്കു. ഈ സീസണ് ശേഷം വിരമിക്കാനാണ് ബഫണിന്റെ തീരുമാനമെങ്കിൽ ആ ഇറ്റാലിയൻ സുവർണസംഘത്തിന്റേയും അവസാനമാകും.