SHARE

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പ്രധാന താരങ്ങളെ ഒഴിവാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത് ഒരേയൊരു ഘടകം മാത്രം. ടീം ഈ സീസണില്‍ ഇനി പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ലെന്ന് ഉറപ്പായതോടെ ചെലവ് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യം മാത്രമാണ് മാനേജ്‌മെന്റിനുള്ളത്. അതുകൊണ്ട് തന്നെ ജനുവരിയില്‍ വലിയ താരങ്ങളൊന്നും ടീമിലേക്ക് വരില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. വിലയേറിയ താരങ്ങളെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റിന് താല്പര്യമില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ടീമുമായി ബന്ധപ്പെട്ട വ്യക്തപ്പെട്ട സപോര്‍ട്‌സ്മലയാളത്തോട് പറഞ്ഞു. ക്യാപ്റ്റന്‍ സന്ദേശ് ജിംഗനെയും സി.കെ. വിനീതിനെയും ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൈമാറാന്‍ മാനേജ്‌മെന്റ് ശ്രമം നടത്തുന്നതായി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് സ്‌പോര്‍ട്‌സ്മലയാളം ആയിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കോടികള്‍ പ്രതിഫലം പറ്റുന്ന താരങ്ങളാണ് ജിംഗനും വിനീതും. ഇവര്‍ക്ക് നല്കുന്ന പ്രതിഫലം കുറയുന്നതോടെ ക്ലബ് നടത്തിപ്പിലെ ചെലവ് കുറയ്ക്കാമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. അനസ് എടത്തൊടികയെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രണ്ടാംനിര താരങ്ങളെ കൊണ്ടുവന്ന് ഈ സീസണ്‍ പൂര്‍ത്തിയാക്കുകയാണ് മാനേജ്‌മെന്റിന്റെ ഏകലക്ഷ്യം. അതുകൊണ്ട് തന്നെ ഡേവിഡ് ജെയിംസിന് പകരക്കാരന്‍ ഐഎസ്എല്ലില്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഐലീഗിലെ ഇന്ത്യന്‍ പരിശീലകരിലൊരാളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രതിഫല കാര്യത്തില്‍ ഈ നീക്കവും അവസാനിച്ചു.

സ്‌പോര്‍ട്‌സ്മലയാളം നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ സൂപ്പര്‍കപ്പിന് മുന്നോടിയായി ടീമിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കുകയെന്ന നിലയിലാണ് മാനേജ്‌മെന്റ് മുന്നോട്ടു പോകുന്നത്. അതിനിടെ ടീമിന്റെ ഉടമസ്ഥാവകാശം കൈമാറാനുള്ള നീക്കങ്ങളും ഒരുവശത്ത് നടക്കുന്നു. നവംബര്‍ അവസാനവാരം രണ്ടു ബിസിനസ് ഗ്രൂപ്പുകളുമായി ചര്‍ച്ച നടന്നിരുന്നു.