SHARE

ലോകത്തിലെ കരുത്തുറ്റ ഫുട്ബോൾ രാജ്യങ്ങളിൽ നിന്നെല്ലാം ഇന്ത്യൻ സൂപ്പർ ലീ​ഗിൽ പ്രതിനിധ്യമുണ്ടായിട്ടുണ്ട്. ബ്രസീൽ, സ്പെയിൻ, പോർച്ചു​ഗൽ, ഇം​ഗ്ലണ്ട്, ഫ്രാൻസ്,യുറു​ഗ്വെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം സൂപ്പർതാരങ്ങളടക്കം ഒട്ടേറെ പേർ ഐ.എസ്.എല്ലിൽ കളിച്ചിട്ടുണ്ട്. വളരെയധികമൊന്നുമില്ലെങ്കിലും ഇറ്റലി, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഐ.എസ്.എല്ലിൽ താരങ്ങളെത്തിയിട്ടുണ്ട്. എന്നാൽ സൂപ്പർടീമായ ജർമനിയിൽ നിന്ന് ആരെങ്കിലും ഐ.എസ്.എൽ കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പെട്ടെന്ന് ആരാധകർക്ക് ഓർത്തെടുക്കാനാകില്ല.

ഐ.എസ്.എല്ലിന്റെ ആറ് സീസൺ നീണ്ട ചരിത്രത്തിൽ ഒരൊറ്റ ജർമൻ താരമെ കളിച്ചിട്ടുള്ളു എന്നത് അൽപ്പം കൗതികം നിറഞ്ഞ‍ വസ്തുതയാണ്. ആദ്യ സീസണിൽ മുംബൈ സിറ്റിക്കായി കളിച്ച പ്രതിരോധതാരം മാനുവൽ മാനുവൽ ഫ്രെഡ്റിച്ചാണ് ഐ.എസ്.എല്ലിൽ പ്രതിനിധീകരിച്ച ഏക ജർമൻ താരം. അന്ന് മുംബൈയ്ക്കായി 14 ലീ​ഗ് മത്സരങ്ങളും ഫ്രെഡ്റിച്ച് കളിച്ചു. ഒരു ​ഗോളും നേടി. ടീം വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ഫ്രെഡ്റിച്ച് എ.ടി.കെയ്ക്കെതിരായ മത്സരത്തിൽ വിജയ​ഗോളാണ് നേടിയത്. ഫ്രെഡ്റിച്ചിന്റെ കരിയറിലെ അവസാന ക്ലബ് കൂടിയായിരുന്നു മുംബൈ സിറ്റി. ആ ഐ.എസ്.എൽ സീസണിന് ശേഷം താരം കളിക്കളത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു

മെയിൻസ്, ബയേർ ലെവർക്യൂസൻ, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ ജർമനിയിലെ സൂപ്പർ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട് ഫ്രെഡ്റിച്ച്. വിഖ്യാത പരിശീലകൻ യൂർ​ഗൻ ക്ലോപ്പിന്റെ കീഴിലായിരുന്നു മെയിൻസിലും ഡോർട്ട്മുണ്ടിലും ഫ്രെഡ്റിച്ച് കളിച്ചത്. ജർമൻ ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളിലും ബൂട്ടുകെട്ടിയിട്ടുണ്ട്.