SHARE

ഇക്കുറി യൂറോ കപ്പിനുള്ള സ്പെയിന്റെ ദേശീയ ടീം പ്രഖ്യാപിച്ചപ്പോൾ ആരാധകർ ഒന്നമ്പരന്നു. കാരണം സൂപ്പർക്ലബായ റയൽ മഡ്രിഡിൽ നിന്ന് ഒരാൾ പോലും ലൂയിസ് എന്റിക്വെയുടെ സംഘത്തിൽ ഇടംപിടിച്ചില്ല. തുടർന്നിപ്പോൾ സൂപ്പർതാരം സെർജിയോ റാമോസ് റയൽ മഡ്രിഡിനോട് വിടപറയുക കൂടി ചെയ്തതോടെ റയൽ മഡ്രിഡിന് സ്പാനിഷ് ദേശീയ ടീമിലുള്ള സ്വാധീനം തൽക്കാലത്തേക്കെങ്കിലും ഇല്ലാതായേക്കും.

പതിനാറ് വർഷത്തെ സേവനത്തിന് ശേഷമാണ് റാമോസ് റയലിനോട് വിടപറഞ്ഞത്. റാമോസ് കൂടി പോയതോടെ, അടുത്ത സീസണിൽ റയലിന്റെ സ്റ്റാർട്ടിങ് ഇലവനിലെ സ്പാനിഷ് താരങ്ങളുടെ എണ്ണം വെറും ഒന്നായി ചുരുങ്ങാനാണ് സാധ്യത. സ്ക്വാഡിൽ ഒരുപിടി സ്പാനിഷ് താരങ്ങളുണ്ടെങ്കിലും റയലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനമുറപ്പിച്ചിരുന്നത് റാമോസും റൈറ്റ് ബാക്കായ ഡാനി കാർവഹാളുമായിരുന്നു. ലൂക്കാസ് വാസ്ക്വെസ്, നാച്ചോ ഫെർണാണ്ടസ് എന്നിവർക്കാണ് റാമോസും കാർവഹാളും ഇല്ലാത്തപ്പോൾ അവസരം ലഭിക്കുക. ഇതിനുപുറമെ ഇസ്കോ, മാർക്കോ അസെൻസിയോ എന്നിവരാണ് റയലിലെ പ്രധാന സ്പാനിഷ് താരങ്ങൾ. എന്നാൽ ഇവർക്ക് പലപ്പോഴും സ്ക്വാഡിൽ പോലും അവസരം കിട്ടിയിരുന്നില്ല.

റയലിന്റെ മധ്യനിരയിലും മുന്നേറ്റനിരയിലും നിലവിൽ സ്ഥാനമുറപ്പുള്ള സ്പാനിഷ് താരങ്ങളില്ല. മാത്രവുമല്ല ഈ സ്ഥാനങ്ങളിലേക്ക് റയൽ കൊണ്ടുവരാനാ​ഗ്രഹിക്കുന്ന താരങ്ങളാരും തന്നെ സ്പെയിനിൽ നിന്നുള്ളവരല്ല.ഈ സാഹചര്യത്തിൽ അടുത്ത സീസണിൽ ആദ്യ ഇലവനിൽ സ്ഥാനമുറപ്പുള്ള ഏക സ്പാനിഷ് താരം കാർവഹാളാണ്.

റാമോസിനൊപ്പം ഫ്രഞ്ച് താരം റാഫേൽ വരാനും റയൽ വിടാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ റയൽ പ്രതിരോധനിരയിലേക്ക് പകരക്കാരനായി സ്പാനിഷ് താരം പാവും ടോറസിനെ പരി​ഗണിക്കുന്നുണ്ട്. ഈ നീക്കം നടന്നാൽ ടോറസും ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കും. അതേസമയം ടോറസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രം​ഗത്തുള്ളതിനാൽ ഈ നീക്കം നടക്കുമോയെന്നും ഉറപ്പില്ല.