SHARE

ഈ മാസം തുടങ്ങാനാരിക്കുന്ന ഡ്യൂറാൻഡ് കപ്പിൽ മെയിൻ സ്ക്വാഡിനെ അയക്കുക ആറ് ഐഎസ്എൽ ടീമുകൾ മാത്രം. ബാക്കി അഞ്ച് ടീമുകളും റിസർവ്-രണ്ടാം നിര ടീമുകളുമായാകും ടൂർണമെന്റിന് ഇറങ്ങുക. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

എടികെ മോഹൻ ബ​ഗാൻ, ചെന്നൈയിൻ എഫ്സി. ഒഡിഷ എഫ്സി, ഹൈദരബാദ് എഫ്സി,ബെം​ഗളുരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകളാണ് പ്രധാന സ്ക്വാഡിനെ തന്നെ ഡ്യൂറാൻഡ് കപ്പിന് അയക്കുക. ഈ ടീമുകളിൽ പലതും വിദേശ സൈനിങ്ങുകൾ പൂർണായും അല്ലെങ്കിൽ ഭൂരിഭാ​ഗവും പൂർത്തിയാക്കിയവരാണ്.

കേരളാ ബ്ലാസ്റ്റേഴ്സ്, എഫ്സി ​ഗോവ, ഈസ്റ്റ് ബം​ഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജെംഷദ്പുർ എഫ്സി എന്നിവരാണ് രണ്ടാം നിര ടീമിനെ ടൂർണമെന്റിന് അയക്കുന്നത്. നിലവിലെ ജേതാക്കൾ കൂടിയായ ​ഗോവ വിദേശ സൈനിങ്ങുകളെല്ലാം പൂർത്തിയാക്കിയതാണ്. എന്നാൽ ഒരു വിദേശതാരം പോലുമില്ലാതെയാകും ​ഗോവ ടൂർണമെന്റ് കളിക്കുക. ഫസ്റ്റ് ടീമിൽ നിന്ന് വളരെ കുറച്ച് താരങ്ങളെ ടൂർണമെന്റിൽ ​ഗോവയ്ക്കായി കളിക്കു. കഴിഞ്ഞ തവണ ​ഡ്യൂറാൻഡ് കപ്പിൽ വിദേശതാരങ്ങളടങ്ങുന്ന മികച്ച ടീമുമായാണ് ​ഗോവ കളിച്ചത്. എന്നാൽ അവരുടെ സൂപ്പർതാരം ജോർജ് ഓർട്ടിസിനെ ടൂർണമെന്റിനിടെ പരുക്കേറ്റത് കൂടി പരി​ഗണിച്ചാണ് ഇക്കുറി രണ്ടാം നിര ടീമിനെ അയക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിനും ഒരു വിദേശ സൈനിങ്ങേ ബാക്കിയുള്ളു. എങ്കിലും ഡ്യൂറാൻഡ് കപ്പ് നടക്കുന്ന സമയത്ത് അവർ യുഎഇയിൽ പ്രീ സീസണിലായിരിക്കും. അതുകൊണ്ടാണ് ടൂർണമെന്റിന് രണ്ടാം നിര ടീമിനെ അയക്കുക. ജംഷദ്പുരും ഈ മാസം പകുതിയോടെ പ്രീ സീസൺ തുടങ്ങുകയേയുള്ളു. നോർത്ത് ഈസ്റ്റും ഈസ്റ്റ് ബം​ഗാളും വിദേശസൈനിങ്ങുകളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.