SHARE

പുതിയ രണ്ട് ഐപിഎൽ ടീമുകൾക്കായുള്ള ലേലം അവസാനിച്ചു കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് 2023-2027 സീസണുകളിലേക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശത്തിന് വേണ്ടിയുള്ള ലേലമാണ്. ഈ വർഷം ഡിസംബറിലാകും അഞ്ച് വർഷത്തെ ഐപിഎൽ സംപ്രേക്ഷണാവകാശത്തിന് വേണ്ടിയുള്ള ലേലം നടക്കുകയെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്ത് വന്നിരുന്നു. അതിനിടെ ഇപ്പോളിതാ ഒടിടി ഭീമന്മാരായ ആമസോൺ പ്രൈമും, സോണിയും ചേർന്ന് ഐപിഎൽ ബ്രോഡ്കാസ്റ്റിംഗ് അവകാശത്തിനായി സംയുക്തമായി ലേലം വിളിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. ഹിന്ദു ബിസിനസ് ലൈനാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

അഞ്ച് വർഷത്തെ ഐപിഎൽ മീഡിയ അവകാശത്തിനായി 3-4 ബില്ല്യൺ യു എസ് ഡോളർ വരെ നൽകാൻ സോണിയും, ആമസോൺ പ്രൈമും തയ്യാറാണെന്നാണ് സൂചനകൾ. സോണിക്ക് മികച്ച ലീനിയർ ടിവി നെറ്റ്‌വർക്കുണ്ടെങ്കിലും ഡിജിറ്റൽ സ്ട്രീമിംഗ് ഇടത്തിൽ അവർ അല്പം ദുർബലരാണ്. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈമുമായുള്ള അവരുടെ പങ്കാളിത്തം ക്ലിക്ക് ചെയ്യുക. എന്നാൽ സംപ്രേക്ഷണാവകാശത്തിനായി ഡിസ്നിയിൽ നിന്ന് കടുത്ത മത്സരം തന്നെ ഇവർക്ക് നേരിടേണ്ടി വന്നേക്കാമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ 2008 മുതൽ 2017 വരെ സോണിക്കായിരുന്നു ഐപിഎല്ലിലെ സംപ്രേക്ഷണാവകാശം. എന്നാൽ 2018 മുതൽ 2022 വരെയുള്ള മീഡിയ അവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു‌. 16,348 കോടി രൂപ മുടക്കിയായിരുന്നു 2018 മുതലുള്ള അഞ്ച് വർഷക്കാലത്തെ ഐപിഎൽ മീഡിയ അവകാശങ്ങൾ സ്റ്റാർ സ്വന്തമാക്കിയത്. 2023 മുതൽ 2027 വരെയുള്ള അഞ്ച് സീസണുകളിലെ മീഡിയ അവകാശം വിൽക്കുന്നതിലൂടെ 35000-40000 കോടി രൂപയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നതെന്നാണ് സൂചനകൾ.