SHARE

ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് വേണ്ടി മറ്റ് ടീമുകളിലെ വിദേശ താരങ്ങൾ നേരത്തെ നാട്ടിലേക്ക് മടങ്ങുന്നത് ഡെൽഹി ക്യാപിറ്റൽസിന് നേട്ടമാകുമെന്ന് ടീം നായകൻ ശ്രേയസ് അയ്യർ. റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീസണിൽ ഡെൽഹിയുടെ പ്രധാന വിദേശ താരങ്ങൾ കോളിൻ ഇൻ ഗ്രാം, ക്രിസ് മോറിസ്, കാഗിസോ റബാഡ എന്നിവരാണ്. ഇതിൽ മോറിസും, കോളിൻ ഇൻ ഗ്രാമും ലോകകപ്പ് ടീമുകളിൽ ഇടം പിടിച്ചിട്ടില്ല‌. ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ മുന്നിൽ നിൽക്കുന്ന റബാഡയാകട്ടെ ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകൾ വിരളവുമാണ്. ഇതാണ് ഡെൽഹിക്ക് കരുത്താകുന്നത്.

സീസണിൽ അവസാനം കളിച്ച ആറിൽ അഞ്ചെണ്ണത്തിലും ജയം നേടിയ ഡെൽഹി നിലവിൽ തകർപ്പൻ ഫോമിലാണുള്ളത്. ടൂർണമെന്റ് അതിന്റെ അവസാന റൗണ്ടെത്തിയപ്പോളേക്കും പല ടീമുകൾക്കും തങ്ങളുടെ വിദേശ താരങ്ങളുടെ സേവനം നഷ്ടമായി. എന്നാൽ ഇന്ത്യൻ യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് കളിക്കുന്ന ഡെൽഹിക്കാകട്ടെ ഇതൊന്നും ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. സീസണിലെ അവസാന മത്സരങ്ങളിലും പ്ലേ ഓഫിലുമെല്ലാം തങ്ങളുടെ ഏറ്റവും മികച്ച ടീമിനെത്തന്നെയാകും അത് കൊണ്ട് തന്നെ ഡെൽഹി അണിനിരത്തുക.