SHARE

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ നിറസാന്നിധ്യമായിരുന്ന യുവരാജ് കുറച്ചുനാളുകളായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ഫോമും ഫിറ്റ്നെസും ഇല്ലാതായതോടെ ഇന്ത്യൻ ടീമിലെ സ്ഥാനവും യുവരാജിന് നഷ്ടമായി. എന്നാലിപ്പോൾ, വരുന്ന ഏഷ്യൻ കപ്പിൽ കളിക്കാനുള്ള തീവ്രപരിശീലനത്തിലാണ് യുവി. ഇംഗ്ലണ്ടിൽ വെച്ച് പരിശീലനം നടത്തുന്നതിൻ്റെ വീഡിയോ യുവി തന്നെയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്. ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ.

2017 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവസാനമായി യുവരാജ് ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിലിറങ്ങിയത്. കഴിഞ്ഞ ഐ പി എൽ സീസണിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടാൻ നിർബന്ധമായ യോ യോ ടെസ്റ്റിൽ പലപ്പോഴായി യുവി പരാജയപ്പെട്ടു. അവസാനം യോ-യോ ടെസ്റ്റ് വിജയിച്ചുവെങ്കിലും യുവിയുടെ ഫിറ്റ്നസിൻ്റെ കാര്യത്തിലുള്ള സെലക്ടർമാരുടെ സംശയം ഒഴിഞ്ഞില്ല. നിരന്തരമായ പരിശീലനം നടത്തുന്നുണ്ടെങ്കിലും താരത്തിന് ഏഷ്യാ കപ്പിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2011 ലോകകപ്പിൽ 362 റൺസും 15 വിക്കറ്റുകളുമായി ഇന്ത്യക്ക് കിരീടം നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യുവരാജ്. ഇന്ത്യക്കായി ആകെ 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച യുവി ഏകദിനത്തിൽ 8701 റൺസും ടി20 1177 റൺസും നേടിയിട്ടുണ്ട്.  എന്നാൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയ യുവരാജ് 9 വർഷങ്ങൾക്കിടയിൽ 40 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.