SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് സൂപ്പർ താരം ഒവൈസ് ഷാ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു 150 വർഷത്തിലധികം പഴക്കമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരെ ഷാ തിരഞ്ഞെടുത്തത്.

ഇന്ത്യൻ ഇതിഹാസ താരംസച്ചിൻ ടെണ്ടുൽക്കറും, ഇപ്പോളത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമാണ് ഒവൈസ് ഷായുടെ അഭിപ്രായത്തിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 2 ബാറ്റ്സ്മാന്മാർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയ സച്ചിന്റെ ഏറ്റവും വലിയ മികവായി ഷാ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹം 24 വർഷങ്ങളോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചതാണ്. ഇതിന്റെ പകുതി സമയം പോലും കളിക്കുന്നത് മറ്റുള്ളവർക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന കാര്യമാണെന്നും, അത്രയ്ക്ക് മത്സരാധിഷ്ഠിതമാണ് അന്താരാഷ്ട്ര ക്രിക്കറ്റെന്നും ഷാ കൂട്ടിച്ചേർത്തു. വിരാട് കോഹ്ലിയേയും വാനോളം പുകഴ്ത്തുന്ന ഷാ, ഇപ്പോളത്തെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹമെന്നും അഭിപ്രായപ്പെടുന്നു.