SHARE

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ടീമാണ് ജെംഷ്ദപുർ എഫ്.സി. ഐ.എസ്.എല്ലിൽ ഇതുവരെ പ്ലേ ഓഫ് കടക്കാനാകാത്ത ടീമാണ് അവർ. കഴിഞ്ഞ സീസണിൽ പരിശീലകനായി ഓവൻ കോയ്ലിനെ അവർ ഒപ്പം കൂട്ടി. ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഒടുവിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് അവർക്ക് സാധിച്ചിത്.

ഇതോടെ ഇക്കുറി വൻ തിരിച്ചുവരവാണ് ക്ലബ് ലക്ഷ്യം വയ്ക്കുന്നത്. ക്യാപ്റ്റൻ പീറ്റർ ഹാർട്ലി, നെരീജൂസ് വാൽസ്കിസ് എന്നിവരെ നിലനിർത്തിയ ക്ലബ് ജേർദാൻ മറെ, എലി സാബിയ എന്നിവരെ ടീമിലെത്തിച്ചു. ബ്രസീലിയൻ താരം അലക്സ് ലിമ ക്ലബിൽ തുടരുമെന്നാണ് സൂചന. അതേസമയം നൈജീരിയൻ പ്രതിരോധതാരം സ്റ്റീഫൻ എസെ ക്ലബ് വിടും. സൈനിങ്ങുകളൊക്കെ ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞ ജെംഷ​ദ്പുർ അടുത്ത സീസണിൽ പ്ലേ ഓഫ് തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ചില കാര്യങ്ങളിൽ ക്ലബ് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് കോയ്ൽ പറയുന്നത്.

ടീമിന്റെ എല്ലാ മേഖലകളിലും മെച്ചപ്പെടാം, എങ്കിലും പ്രതിരോധത്തിൽ കുറേക്കൂടി കരുത്ത് ആർജ്ജിക്കേണ്ടതുണ്ട്, മികച്ച മുന്നേറ്റങ്ങൾ നടത്താൻ പ്രതിരോധത്തിലെ ഉറപ്പ് സഹായിക്കും, ഒരു ക്രിയേറ്റീവ് താരം ക്ലബിൽ അത്യാവശ്യമാണ്, ഞങ്ങൾക്ക് അതിവേ​ഗക്കാരായ വിങ്ങർമാരുണ്ട്, ഒപ്പം മികച്ച ​ഗേൾവേട്ടക്കാരുമുണ്ട്, ഇവർക്കൊപ്പം ഒരു ക്രിയേറ്റീവ് കളിക്കാരനുണ്ടെങ്കിൽ വളരെ നന്നായിരിക്കും, കോയ്ൽ ഖേൽനൗവിന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു.