SHARE

സീസൺ അവസാനിച്ചതോടെ ഇനി സൂപ്പർ താരം മെസ്യൂട് ഓസിലിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അരാധകർ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഓസിൽ വരും സീസണിൽ ആഴ്സനലിൽ തുടരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിന് മുമ്പാണ് ഓസിലിന്റെ കഷ്ടകാലം തുടങ്ങുന്നത്. ലോകകപ്പിന് മുമ്പായി തുർക്കി പ്രസിഡന്റിനെ ഓസിൽ സന്ദർശിച്ചത് വലിയ വിവാദമായിരുന്നു. ഇതോടെ ലോകകപ്പിലെ ജർമനിയുടെ ദയനീയ പ്രകടനത്തിൽ ഏറെ പഴി ഓസിലിന് കേൾക്കേണ്ടിവന്നു. പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ചു. പിന്നാലെ ക്ലബായ ആഴ്സനലിലും ഓസിൽ തഴയപ്പെട്ടു. ആഴ്സൻ വെം​ഗർക്ക് പകരക്കാരനായെത്തിയ യുനായ് എമ്റിയുടെ പദ്ധതികളിൽ ഓസിലിന് വലിയ പ്രാധാന്യമില്ലായിരുന്നു

ഇക്കുറി പ്രീമിയർ ലീ​ഗിൽ വെറും 24 മത്സരങ്ങൾ മാത്രമാണ് ഓസിൽ കളിച്ചത്. ഇതിൽ നിന്ന് നേടിയതാകട്ടെ അഞ്ച് ​ഗോളുകൾ മാത്രം. അസിസ്റ്റാകട്ടെ നാലും. 2013-ൽ ആഴ്സനലിലെത്തിയ ഓസിലിന്റെ ഏറ്റവും മോശം സീസണാണിത്. നിലവിലെ ഫോമിൽ ക്ലബിൽ തുടരാൻ ഓസിലിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ

ഓസിലടക്കം അഞ്ച് കളിക്കാരെ വിൽക്കാൻ എമ്റി ആ​ഗ്രഹിക്കുന്നതായി വാർത്തകളുണ്ട്. ഓസിലിന്റെ പൊസിഷനിലേക്ക് മറ്റ് കളിക്കാരെ നിയോ​ഗിക്കാനും പുതിയ താരങ്ങളെ കൊണ്ടുവരാനുമാണ് പദ്ധതി. ഓസിലിന് നൽകുന്ന വൻ പ്രതിഫലവും മാറിച്ചിന്തിക്കാൻ ആഴ്സനലിനെ പ്രേരിക്കുന്നു. ട്രാൻസ്ഫർ വാർത്തകൾ സത്യമായൽൽ യൂറോപ്പാ ലീ​ഗ് ഫൈനലോടെ ഓസിൽ ആഴ്സനലിനായി അവസാന മത്സരം കളിച്ചുകഴിഞ്ഞു