SHARE

​ഗോളടിക്കുന്നതിലല്ല, ​ഗോളടിപ്പിക്കുന്നതിലാണ് മെസ്യൂട്ട് ഓസിൽ എന്ന ജർമൻകാരന്റെ മിടുക്ക്. മിസ്റ്റർ അസിസ്റ്റ് എന്ന പേര് പോലും ഓസിലിന് ലഭിച്ചത് അങ്ങനെയാണ്. അസിസ്റ്റ് നൽകി പലപ്പോഴും പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുന്ന പതിവുണ്ട് ഓസിലിന്. എന്നാൽ ഇന്നലെ ​ഗോളടിയിലാണ് ഓസിൽ പുതിയ നേട്ടം സ്വന്തമാക്കിയത്.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഏറ്റവുമധികം ​ഗോൾ നേടിയ ജർമൻ താരമെന്ന നേട്ടമാണ് ആഴ്സനൽ താരമായ ഓസിൽ കൈവരിച്ചത്. ഇതിഹാസതാരം യുർ​ഗൻ ക്ലിൻസ്മനെയാണ് ഓസിൽ ഇക്കാര്യത്തിൽ പിന്നിലാക്കിയത്. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെയായിരുന്നു ഓസിൽ ചരിത്രം രചിച്ചത്.
ഇന്നലത്തേതും കൂട്ടി ഇം​ഗ്ലീഷ് പ്രീമയർ ലീ​ഗിൽ ആഴ്സനലിനായി ഓസിൽ നേടിയ ​ഗോളുകളുടെ എണ്ണം മുപ്പതായി. ടോട്ടനത്തിനായി 29 പ്രീമിയർ ലീ​ഗ് ​ഗോളുകൾ നേടിയ ക്ലിൻസ്മനും മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്രയും ​ഗോൾ നേടിയ യുവെ റോസ്ലറുമാണ് ഓസിലിന് പിന്നിൽ.

2013-മുതൽ ആഴ്സനലിനൊപ്പമുണ്ട് ഓസിൽ. 149 പ്രീമിയർ ലീ​ഗ് മത്സരങ്ങളടക്കം 200-ലേറ മത്സരങ്ങളും ഓസിൽ ആഴ്സനലിനായി കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ കളിച്ച ഏഴ് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ഓസിലിന്റെ നാലാം ​ഗോളാണിത്.