SHARE

സ്വീഡനെതിരിയ അടുത്ത ലോകകപ്പ് മത്സരത്തില്‍ സുപ്പര്‍ താരം മെസ്യൂട്ട് ഓസിലിനെ പുറത്തിരുത്തണമെന്ന് മുന്‍ ജര്‍മന്‍ താരം സ്റ്റെഫാന്‍ എഫന്‍ബര്‍ഗ്. ഓസിലിനൊപ്പം മറ്റൊരു മുതിര്‍ന്ന താരമായ സാമി ഖദീറയേയും അടുത്ത മത്സരങ്ങളില്‍ ഒഴിവാക്കി, പകരം മാര്‍ക്കോ റുയിസിനേയും ഐക്കെ ഗുണ്‍ഡോഗനേയും ഉള്‍പ്പെടുത്തണമെന്ന് ജര്‍മന്‍ മാധ്യമത്തിലെ തന്റെ കോളത്തില്‍ എഫന്‍ബര്‍ഗ് എഴുതി.

മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ജര്‍മനി തോല്‍വി വഴങ്ങിയതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് ഓസിലിന് നേര്‍ക്ക്. ലോകകപ്പിന് മുമ്പായി, തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്റിനെ സന്ദര്‍ശിച്ചതില്‍ ജര്‍മന്‍കാര്‍ അസ്വസ്ഥരാണ്. ഈ സാഹചര്യത്തില്‍ ടീം തോറ്റതും, ഓസില്‍ ഫോമിലെത്താത്തതും ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമേയാണ് എഫന്‍ബര്‍ഗിന്റ വിമര്‍ശനവും. റൂയിസിനെ പകരക്കാരനായി ഇറക്കാതെ ആദ്യം മുതല്‍ ഇറക്കേണ്ടിയിരുന്നു. ബൊറൂസിസയിലെ സീനിയര്‍ താരമായ റൂയിസിനെ ജര്‍മന്‍ കോച്ച് ജോവാക്വിം ലോ മനസിലാക്കിയില്ല, എഫന്‍ബര്‍ഗ് പറഞ്ഞു.
മധ്യനിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഗുണ്‍ഡോഗനെ ഇറക്കിയാല്‍, ടോണി ക്രൂസിന് കൂടുതല്‍ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-Advertisement-

അതേസമയം ലോകകപ്പിന് ശേഷം ഓസില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് ഇതിഹാസതാരം ലോഥര്‍ മത്തേവൂസ് പറഞ്ഞു. ഒന്നുരണ്ട് വര്‍ഷമായി പലപ്പോഴും ദേശീയ ടീമിനായി കളിക്കുമ്പോള്‍ ഓസിലിന് പഴയ മികവ് പുറത്തെടുക്കാനായിട്ടില്ല. താല്‍പര്യമില്ലാതെയാണ് ഓസില്‍ കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്, മത്തേവൂസ് പറഞ്ഞു.