SHARE

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിനോട് വിടപറയാൻ തയ്യാറെടുത്ത് മെസ്യൂട് ഓസിൽ. താരത്തിന്റെ ആഴ്സനലുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനമായെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതോടെ ഈ മാസം തന്നെ ഓസിൽ പുതിയ ക്ലബിലെത്താനുള്ള സാധ്യതകൾ തെളിഞ്ഞു.

സൂപ്പർതാരമാണെങ്കിലും ഈ സീസണിൽ ആഴ്സനലിന്റെ പ്രീമിയർ ലീ​ഗ്, യൂറോപ്പാ ലീ​ഗ് സ്ക്വാഡുകളിൽ ഓസിലിനെ ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ തന്നെ ക്ലബ് വിടാൻ ഓസിൽ ശ്രമം നടത്തിയതായിരുന്നു. എന്നാൽ വൻ പ്രതിഫലം ലഭിക്കുന്ന കരാർ താരത്തിന് മുന്നിൽ തടസമായിരുന്നു. എന്നാലിപ്പോൾ ആഴ്ചകളായി ഓസിലിന്റെ പ്രതിനിധകളും ആഴ്സനലും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിൽ താരത്തിന്റെ കരാർ റദ്ദാക്കാൻ തീരുമാനമായെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

തുർക്കി വംശജനായ ഓസിൽ, അവിടുത്തെ സൂപ്പർ ക്ലബായ ഫെനർബാഷെയിലേക്കാകും ഇനി പോകുക. നേരത്തെ ഓസിൽ ഫെനർബാഷെയുമായി മൂന്ന് വർഷത്തെ കരാർ ധാരണയായെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ആഴ്സനലുമായുള്ള കരാർ റദ്ദാക്കുന്നതോടെ ഓസിലിന് ഫ്രീ ഏജന്റായി ഫെനർബാഷെയിലെത്താം.