SHARE
file photo

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ സമ്പൂര്‍ണ പരാജയം തുടരുന്നു. സൂപ്പര്‍കപ്പിന്റെ യോഗ്യത റൗണ്ടില്‍ ഇന്ത്യന്‍ ആരോസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ രണ്ടാംഡിവിഷന്‍ ലീഗിലും ബ്ലാസ്റ്റേഴ്‌സിന് നാണക്കേടിന്റെ അഞ്ചടി. ബംഗളൂരു ആസ്ഥാനമായ ഓസോണ്‍ എഫ്‌സിയാണ് എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് മഞ്ഞപ്പടയെ തോല്പിച്ചത്.

ഐഎസ്എല്ലില്‍ തീര്‍ത്തും നിറംമങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തീര്‍ത്തും നിരാശ സമ്മാനിച്ചാണ് സീസണ്‍ അവസാനിക്കുന്നത്. ഓസോണ്‍ എഫ്‌സിയോട് തോറ്റത് രണ്ടുവര്‍ഷത്തിലേറെയായി ഒന്നിച്ചു കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാംനിര ടീമാണെന്നത് പരാജയത്തിന്റെ ആഴംവര്‍ധിപ്പിക്കുന്നു. അതേസമയം അടുത്തസീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

ഡേവിഡ് ജെയിംസിന് പകരക്കാരനായി ഈ സീസണ്‍ അവസാനത്തോടെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത നെലോ വിംഗാഡയുമായുള്ള കരാര്‍ നീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍. ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഹള്‍ സിറ്റി മാനേജറും, ഈ സീസണിലെ അവസാന 6 ഐഎസ്എല്‍ മത്സരങ്ങളില്‍ എഫ്‌സി പൂനെ സിറ്റിയുടെ പരിശീലകനുമായിരുന്ന ഫില്‍ ബ്രൗണിനെയാണ് ടീം നോട്ടമിട്ടിരിക്കുന്നത്. ബ്രൗണും ടീമും തമ്മില്‍ ഇതേക്കുറിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.