SHARE

പരിശീലന മത്സരത്തിനിടെ മുഖത്ത് പന്തടിച്ച് കൊണ്ട് ഇന്ത്യൻ പേസ് ബൗളർ അശോക് ദിണ്ടയ്ക്ക് പരിക്കേറ്റു. ബെംഗാളിൽ ഇന്ന് നടന്ന പരിശീലന മത്സരത്തിനിടെയാണ് എതിർതാരം അടിച്ച സ്ട്രെയിറ്റ് ഡ്രൈവ് നെറ്റിയിലിടിച്ച് ദിണ്ടയ്ക്ക് പരിക്ക് പറ്റിയത്. അടി കൊണ്ടയുടനേ നിലത്ത് വീണ ദിണ്ടയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രഞ്ജി ട്രോഫിക്ക്‌ ശേഷമുള്ള ബെംഗാൾ ടീമിന്റെ സ്റ്റിമുലേഷൻ ക്യാമ്പിനിടെ നടന്ന പരിശീലന മത്സരത്തിലാണ്‌ പരിക്ക് ദിണ്ടയ്ക്ക് മുന്നിൽ വില്ലനായത്‌. മത്സരത്തിൽ പന്തെറിയവെ ഇടം കൈയ്യൻ ബാറ്റ്സ്മാൻ വിവേക്‌ സിംഗ് അടിച്ച‌ ശക്തമായ സ്ട്രെയിറ്റ് ഡ്രൈവ് ദിണ്ടയുടെ നെറ്റിയിലിടിക്കുകയായിരുന്നു. തുടർന്ന് മൈതാനത്തുണ്ടായിരുന്ന താരങ്ങളെല്ലാം ഇതേത്തുടർന്ന് താരത്തിനരികിലേക്ക് ഓടിയെത്തി.

അടി കൊണ്ട് നിലത്ത് വീണ ദിണ്ട രണ്ട് മിനുറ്റോളം ഗ്രൗണ്ടിൽ കിടന്നു, തുടർന്ന് എറിഞ്ഞ് കൊണ്ടിരുന്ന ഓവർ പൂർത്തിയാക്കിയതിന്‌ ശേഷം അദ്ദേഹം മൈതാനം വിടുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിണ്ടയുടെ സ്കാനിംഗ് റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഇതിന് ശേഷമേ അദ്ദേഹത്തിന്റെ പരിക്കിന്റെ ഗൗരവം അറിയാൻ കഴിയൂ.