ന്യൂസിലാന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പാകിസ്ഥാനെ തോൽപ്പിച്ചത് സൗത്തിയും, പിന്നെ മഴയും. ഡി എല്‍ എസ് നിയമപ്രകാരം 61 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ടോസ് വിജയിച്ച് കിവികളെ ബാറ്റിംഗിനയച്ച പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ന്യൂസിലാന്‍ഡ് ബാറ്റിംഗ് തുടങ്ങിയത്.
ഒരുഭാഗത്ത് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ കോളിന്‍ മണ്‍റോ ടി20 പരമ്പര അവസാനിച്ചത് അറിയാത്ത മട്ടിലായിരുന്നു. 35 പന്തില്‍ 6 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 58 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. മണ്‍റോ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ വില്യംസണ്‍ന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ 315-7 എന്ന കൂറ്റൻ സ്കോറാണ് ന്യൂസിലാന്‍ഡ് നേടിയത്. 50 റണ്‍സെടുത്ത ഹെന്റി നികോള്‍സ് വില്യംസണ് ഉറച്ച പിന്തുണ നല്‍കി. പാകിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്നു വിക്കറ്റുകള്‍ നേടി. മുഹമ്മദ് അമീര്‍, റുമ്മാന്‍ റയീസ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകളെടുത്ത് സൗത്തി പാകിസ്ഥാനെ തുടക്കത്തിലേ ഞെട്ടിച്ചു. 6 റണ്‍സെടുത്ത അസ്ഹര്‍ അലിയെയും റണ്ണൊന്നുമെടുക്കാതെ ബാബര്‍ അസമിനെയുമാണ് പാകിസ്ഥാന് നഷ്ടമായത്. ഒരു ഭാഗത്ത് ഫഖര്‍ സമാന്‍ പിടിച്ച് നിന്നെങ്കിലും മറുവശത്ത് പാക് ബാറ്റിംഗ് നിരയുടെ ഘോഷയാത്രയായിരുന്നു.
ഒടുവില്‍ 30.1 ഓവറില്‍ 166-6 എന്ന നിലയില്‍ നില്‍ക്കേ മഴ പെയ്ത് കളി നിര്‍ത്തുകയായിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാന്‍ഡിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. 82 റണ്‍സെടുത്ത ഫഖര്‍ സമാനും 17 റണ്‍സെടുത്ത ഫഹീം അഷ്‌റഫും പുറത്താവാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ടിം സൗത്തി 4 വിക്കറ്റുകളും ട്രെന്റ് ബോള്‍ട്ട് 3 വിക്കറ്റുകളും നേടി.