SHARE

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കയുടെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പിന്‍മാറിയതില്‍ ഇന്ത്യയെ പഴി ചാരി പാകിസ്ഥാന്‍ രംഗത്ത്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നായിരുന്നു താരങ്ങള്‍ പര്യടനത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്. എന്നാല്‍ ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിയെ തുടര്‍ന്നാണ് എന്ന പുതിയ ആരോപണമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയിരിക്കുന്നത്.

പാക് മന്ത്രി ഹവദ് ഹുസൈന്റെതാണ് പുതിയ കണ്ടുപിടുത്തം. പാക് പര്യടനത്തിനു പോയാല്‍ ഐപിഎല്‍ കരാര്‍ നല്‍കില്ലെന്ന ബിസിസിഐയുടെ ഭീഷണിയെ തുടന്നാണ് താരങ്ങള്‍ പിന്‍മാറിയതെന്ന ആരോപണമാണ് ഇയാള്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരാണ് തന്നോട് ഇക്കര്യം പറഞ്ഞതെന്നും ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ലസിത് മലിംഗ ഉള്‍പ്പെടെയുള്ള പത്ത് ലങ്കന്‍ താരങ്ങളാണ് പാക്കിസ്ഥാനില്‍ കളിക്കാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

പാക്കിസ്ഥാനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ സജീവമാക്കി കൊണ്ട് വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്നത്. ഈ മാസം 27 ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്. നേരത്തെ ഈ പരമ്പര തീരുമാനമായതിന് പിന്നാലെ തന്നെ മലിംഗ, ഏഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്നെ എന്നിവര്‍ പാക്കിസ്ഥാനില്‍ കളിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പര്യടനത്തെക്കുറിച്ച് താരങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മീറ്റിംഗ് വിളിച്ചിരുന്നു. പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാമെന്ന് ചര്‍ച്ചയ്ക്കിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയെങ്കിലും താരങ്ങള്‍, തങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നു.

മലിംഗ, മാത്യൂസ്, കരുണരത്നെ, ദിനേഷ് ചണ്ടിമാല്‍, സുരംഗ ലക്മല്‍, തിസാര പെരേര, അഖിലധനഞ്ജയ, ധനഞ്ജയ ഡിസില്‍ വ, കുശാല്‍പെരേര, നിറോഷന്‍ ഡിക്ക് വെല്ല എന്നീ 10 താരങ്ങളാണ് പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്.