ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പാകിസ്ഥാൻ താരങ്ങൾ കളിക്കാറില്ല. എന്നാൽ ഇപ്പോൾ മുൻ പാക് പേസർ മൊഹമ്മദ് ആമിർ ഐപിഎല്ലിൽ കളിക്കാനുള്ള സാധ്യതയുമായി രംഗത്തെത്തിയിരിക്കുകയണ്. ഇതിനായുള്ള നീക്കങ്ങളും ഈ 31-കാരൻ നടത്തുന്നുണ്ട്.
2020-ൽ വെറും 28 വയസുള്ളപ്പോൾ കളിക്കളത്തോട് വിടപറഞ്ഞ താരമാണ് ആമിർ. ഭാര്യയായ നർഗീസ് ഖാനൊപ്പം അതിനുശേഷം ഇംഗ്ലണ്ടിലാണ് ആമിർ ജീവിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള ഭാര്യവഴി ആമിറും വൈകാതെ ബ്രിട്ടീഷ് പൗരനാകുമെന്നാണ് സൂചന. 2024-ൽ യുകെ പാസ്പോർട്ട് കിട്ടുമെന്നാണ് ആമിർ തന്നെ പാക് ചാനലായ എആർവൈ ന്യൂസിനോട് പറഞ്ഞത്. അതേസമയം താൻ വിരമിക്കൽ അവസാനിപ്പിച്ച് തിരിച്ചെത്തിയാലും ഇംഗ്ലീഷ് ദേശീയ ടീമിനായി കളിക്കില്ല എന്നും ഐപിഎൽ ഉന്നമിടുന്നുണ്ടെന്നും ആമിർ വ്യക്തമാക്കി.
ഒന്നാമതായി ഞാൻ ഇംഗ്ലണ്ടിനായി കളിക്കല്ല, കാരണം ഞാൻ മുമ്പ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്, ഇനി ഐപിഎല്ലിന്റെ കാര്യമാണെങ്കിൽ അതിനിനിയും ഒരു വർഷം കൂടിയുണ്ട്, അപ്പോഴത്തെ സാഹചര്യം പോലെയിരിക്കും, ഐപിഎൽ കളിക്കുന്ന കാര്യത്തെക്കുറിച്ച ഞാൻ ചിന്തിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല, പാസ്പോർട്ട് കിട്ടുന്ന സമയം മുന്നിലുള്ള ഏറ്റവും മികച്ച സാധ്യതയേതാണോ അത് ഞാൻ പരിഗണിക്കും, ആമിർ പറഞ്ഞു.